ടെൽ അവീവ്: ഗാസയിലെ യുദ്ധം കഴിഞ്ഞാൽ പലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്ന യുഎസ് ആശയത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇക്കാര്യം യുഎസ് നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. യുദ്ധാനന്തര പലസ്തീന്റെ ഭാവിയെക്കുറിച്ച് യുഎസിനും ഇസ്രയേലിനും വ്യത്യസ്ത വീക്ഷണങ്ങളാണുള്ളതെന്ന് യുഎസ് ദേശീയ സുരക്ഷാ സമിതി വക്താവ് ജോൺ കിർബി ഇക്കാര്യത്തിൽ പ്രതികരിച്ചു. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിനു ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കുക മാത്രമാണു പോംവഴിയെന്ന രീതിയിൽ യുഎസും പാശ്ചാത്യ ശക്തികളും നയതന്ത്ര നീക്കങ്ങൾ നടത്തുന്നതിനിടെയാണ് നെതന്യാഹു തന്റെ എതിർപ്പ് പരസ്യമായി വ്യക്തമാക്കിയിരിക്കുന്നത്. ജോർദാൻ നദിക്കു പടിഞ്ഞാറുള്ള മുഴുവൻ ഭൂമിയുടെയും സുരക്ഷാ നിയന്ത്രണവും ഇസ്രയേലിനു വേണമെന്നാണ് നെതന്യാഹു പറഞ്ഞത്. ഇസ്രേലി ഭൂമിക്കു പുറമേ പലസ്തീൻകാർ ഭാവി രാഷ്ട്രമായി കരുതുന്ന വെസ്റ്റ് ബാങ്കും ജോർദാനു പടിഞ്ഞാറാണ്.
പലസ്തീൻകാരുടെ പരമാധികാരസ്വപ്നത്തിനു വിരുദ്ധമാണ് തന്റെ ആവശ്യമെന്നും അമേരിക്കൻ സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഹമാസിനെ തകർത്ത് ബന്ദികളെ മോചിപ്പിച്ച് പൂർണവിജയം നേടും വരെ യുദ്ധം തുടരുമെന്നും ഇതിനു മാസങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുദ്ധംകഴിഞ്ഞാൽ ഗാസ എങ്ങനെ ആയിരിക്കണമെന്നതിൽ യുഎസിനു വ്യക്തമായ ധാരണയുണ്ടെന്ന് യുഎസ് ദേശീയ സുരക്ഷാ സമിതി വക്താവ് ജോൺ കിർബി പറഞ്ഞു. ഗാസയുടെ ഭരണം പലസ്തീൻ ജനതയ്ക്ക് ആയിരിക്കണമെന്നും വോട്ടും അഭിപ്രായവും അവർക്കുണ്ടാകണമെന്നും വീണ്ടുമൊരു അധിനിവേശം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link