ചന്ദ്രനിൽ ജപ്പാന്റെ വിജയഗാഥ
ടോക്കിയോ: ചാന്ദ്രദൗത്യത്തിൽ അമേരിക്കയും റഷ്യയും തോറ്റിടത്ത് ജപ്പാന്റെ വിജയഗാഥ. ജപ്പാൻ വിക്ഷേപിച്ച സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേഷൻ മൂൺ (സ്ലിം) പേടകം ഇന്നലെ വിജയകരമായി ചന്ദ്രനിലിറങ്ങി. അമേരിക്ക, സോവ്യറ്റ് യൂണിയൻ, ചൈന, ഇന്ത്യ എന്നിവയ്ക്കുശേഷം ചന്ദ്രനിൽ വിജയകരമായി പേടകമിറക്കുന്ന അഞ്ചാമത്തെ രാജ്യമെന്ന ബഹുമതി ജപ്പാൻ സ്വന്തമാക്കി. കഴിഞ്ഞവർഷം സെപ്റ്റംബർ ഏഴിനാണ് പേടകം വിക്ഷേപിച്ചത്. ഇന്നലെ ഇന്ത്യൻ സമയം രാത്രി ഒന്പതിനു മുന്പായി ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. ചന്ദ്രനിലെ ലക്ഷ്യ സ്ഥലത്തിന്റെ നൂറു മീറ്ററിനുള്ളിൽ സ്ലിം പേടകത്തെ ഇറക്കി എന്നതാണ് ജാപ്പനീസ് ദൗത്യത്തെ വ്യത്യസ്തമാക്കുന്നത്. സാധാരണ ചാന്ദ്രദൗത്യങ്ങളിൽ, കിലോമീറ്ററുകൾ വരുന്ന ലക്ഷ്യസ്ഥലങ്ങളിൽ സൗകര്യപ്പെടുന്നയിടത്ത് പേടകത്തെ ഇറക്കലാണു പതിവ്. ലക്ഷ്യസ്ഥാനം വളരെ പരിമിതമായതിനാൽ ജാപ്പനീസ് ചാന്ദ്രദൗത്യത്തിന് ‘മൂൺ സ്നൈപർ’ എന്നാണ് പേരിട്ടത്. ജപ്പാൻ മുന്പ് ചന്ദ്രനിൽ പേടകമിറക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. അമേരിക്കൻ ദൗത്യം പരാജയപ്പെട്ടു
ഇതിനിടെ, അരനൂറ്റാണ്ടിനു ശേഷം ചന്ദ്രനിൽ വീണ്ടും പേടകമിറക്കാനുള്ള അമേരിക്കൻ ശ്രമം കഴിഞ്ഞദിവസം പരാജയപ്പെട്ടു. ഈ മാസം എട്ടിന് വിക്ഷേപിച്ച പെരിഗ്രിൻ ലൂണാർ ലാൻഡർ പേടകം പസഫിക് സമുദ്രത്തിനു മുകളിൽ തീഗോളമായി. പ്രപ്പൽഷൻ തകരാറുണ്ടായ തിനെത്തുടർന്ന് പേടകത്തിനു സ്വയം നശിക്കാനുള്ള കമാൻഡ് നല്കുകയായിരുന്നു. സ്വകാര്യ സ്ഥാപനമായ അസ്ട്രോബോട്ടിക് ആണ് പേടകം അയച്ചത്. അപ്പോളോ ദൗത്യം 1972ൽ അവസാനിച്ചശേഷം അമേരിക്കയുടെ ആദ്യ ചാന്ദ്രദൗത്യമായിരുന്നിത്. ഈ മാസം എട്ടിന് വിക്ഷേപിച്ച പേടകത്തിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഞ്ചു പഠനോപകരണങ്ങളാണ് ഉണ്ടായിരുന്നത്. വിജയിച്ചിരുന്നെങ്കിൽ ചന്ദ്രനിൽ പേടകമിറക്കുന്ന ആദ്യ സ്വകാര്യസംരംഭം എന്ന ബഹുമതി നേടുമായിരുന്നു. പതിറ്റാണ്ടുകൾക്കുശേഷം റഷ്യ നടത്തിയ ചാന്ദ്രദൗത്യം കഴിഞ്ഞ ഓഗസ്റ്റിൽ പരാജയപ്പെട്ടിരുന്നു. ലൂണാ-25 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നതിനിടെയാണ് പരാജയം സംഭവിച്ചത്. ദിവസങ്ങൾക്കകം ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യരാജ്യമെന്ന ഖ്യാതി സ്വന്തമാക്കി.
Source link