മുംബൈയെ മറിച്ചു

തുന്പ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയെ കേരളത്തിന്റെ ചുണക്കുട്ടികൾ എറിഞ്ഞൊതുക്കി. അജിങ്ക്യ രഹാനെ, ശിവം ദുബെ എന്നിങ്ങനെ വന്പൻ നിരയുമായെത്തിയ മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് 78.4 ഓവറിൽ 251ൽ അവസാനിച്ചു. 18.4 ഓവറിൽ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് മുംബൈയെ മറിച്ചിട്ടത്. ഗ്രൂപ്പ് ബിയിൽ ആദ്യരണ്ട് മത്സരങ്ങളിലും ജയിച്ചശേഷമാണ് മുംബൈ തുന്പയിൽ എത്തിയത്. കേരളമാകട്ടെ ആദ്യരണ്ട് മത്സരത്തിലും സമനില വഴങ്ങിയിരുന്നു. രഹാനെ ഗോൾഡൻ ഡക്ക് മുംബൈ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ നേരിട്ട ആദ്യ പന്തിൽതന്നെ പുറത്ത്. ബേസിൽ തന്പിയുടെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിനു ക്യാച്ച് നൽകിയാണ് രഹാനെ ഗോൾഡൻ ഡക്കായത്. 51 റണ്‍സ് നേടിയ ശിവം ദുബെയും 50 റണ്‍സ് സ്വന്തമാക്കിയ ഭൂപൻ ലാൽവാനിയുമാണ് മുംബൈ ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ.
ഡബിൾ ബേസിൽ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിലെ ആദ്യരണ്ട് പന്തിലും മുംബൈ വിക്കറ്റ് വീഴ്ത്തിയ ബേസിൽ തന്പി കേരളത്തിന് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു. ജയ് ബിസ്റ്റയെ (0) വിക്കറ്റിനു മുന്നിൽ കുടുക്കിയ ബേസിൽ തന്പി രഹാനെയെയും ഗോൾഡൻ ഡക്കാക്കുകയായിരുന്നു. രഹാനെയുടെ തുടർച്ചയായ രണ്ടാം ഗോൾഡൻ ഡക്കാണ്. പൂജ്യം റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിൽനിന്നാണ് മുംബൈ 251ൽവരെ എത്തിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ബേസിൽ തന്പിയും ജലജ് സക്സേനയും ബൗളിംഗിൽ ശ്രേയസ് ഗോപാലിനു പിന്തുണ നൽകി. കേരള സീനിയർ താരം രോഹൻ പ്രേമിന്റെ 100-ാം ഫസ്റ്റ് ക്ലാസ് മത്സരമാണിത്.
Source link