രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാർക്കും ക്ഷണം
ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് അയോധ്യക്കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ജഡ്‌ജിമാർക്കും ക്ഷണം. കേസിൽ വിധി പറഞ്ഞ അന്നത്തെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരെയാണ് ക്ഷണിച്ചത്. ഇവർക്കു പുറമെ മുൻ ചീഫ് ജസ്റ്റിസുമാരും പ്രമുഖ അഭിഭാഷകരും ഉൾപ്പെടെ 50 പേർക്കും ക്ഷണം ലഭിച്ചു. ഇതുവരെ ആകെ 7,000 പേരെയാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായിരുന്ന എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരായിരുന്നു െബഞ്ചിലെ അംഗങ്ങൾ. എസ്.എ.ബോബ്ഡെ സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും, ഡി.വൈ. ചന്ദ്രചൂഡ് നിലവിലെ ചീഫ് ജസ്റ്റിസുമാണ്. അന്ന് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയ് നിലവിൽ രാജ്യസഭാ എംപിയാണ്.
അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണ് ഇതിന്റെ ചുമതലയെന്നുമായിരുന്നു സുപ്രീം കോടതി വിധി. പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനു തര്‍ക്കഭൂമിക്കു പുറത്ത് അഞ്ചേക്കര്‍ സ്ഥലവും അനുവദിച്ചിരുന്നു.
ജനുവരി 22നാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്നത്. പ്രാണപ്രതിഷ്ഠ നടത്തുന്ന രാമവിഗ്രഹം ക്ഷേത്രത്തിൽ സ്ഥാപിച്ചു. ശ്രീരാമന്റെ അഞ്ചു വയസ്സുള്ള രൂപമായ ‘രാം ലല്ല’ വിഗ്രഹമാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. വിഗ്രഹം ഗർഭഗൃഹത്തിൽ സ്ഥാപിച്ച് പഞ്ചാംഗവിധി പൂജകൾ നടത്തി. പ്രാണപ്രതിഷ്ഠാ ചടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖരുടെ നീണ്ടനിര പങ്കെടുക്കും.
പ്രാണപ്രതിഷ്ഠയുടെ മുഖ്യയജമാനന്‍ പ്രധാനമന്ത്രിയാണ്. ഞായറാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തും. പ്രതിഷ്ഠാദിനം രാവിലെ പ്രധാനമന്ത്രി സരയൂ നദിയില്‍ സ്നാനം ചെയ്യും. രാംപഥിലൂടെയും ഭക്തിപഥിലൂടെയും രാമജന്മഭൂമിയിലേയ്ക്കു നടക്കും. രണ്ടു കിലോമീറ്ററോളം മോദി കാല്‍നടയായി പോകുമെന്നാണ് സൂചന. തുടര്‍ന്ന് ഹനുമാന്‍ഗഢി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.23നാണ് ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുക.
English Summary:
SC judges who gave Ayodhya verdict invited to Ram Lalla pran-pratishtha ceremony
Source link