മോഹൻലാലിന്റെ അപൂർവ ഫോട്ടോശേഖരവുമായി പ്രശസ്ത ഫൊട്ടോഗ്രാഫര്‍ ചിത്ര കൃഷ്ണൻകുട്ടി. നാൽപത്തിയഞ്ച് വർഷം പഴക്കമുള്ളവ ഉൾപ്പടെ നൂറിലധികം ചിത്രങ്ങൾ ശേഖരത്തിലുണ്ട്. ‘മലൈക്കോട്ടൈ വാലിബൻ’ സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ മോഹൻലാലിന് ചിത്ര കൃഷ്ണൻകുട്ടി ആൽബം സമ്മാനിച്ചു.
‘‘സിനിമയുമായി വളരെക്കാലം മുൻപേ അടുത്തുനിൽക്കുന്ന ആളാണ്. ചിത്ര സ്റ്റുഡിയോ കോട്ടയം, ഒരുപാട് സിനിമകളിലും മാഗസിനുകളിലുമൊക്കെ വരാറുണ്ട്. നസീർ സാറിന്റെ കാലത്തിനു മുമ്പേയുള്ള കാലങ്ങളിൽ സിനിമയിൽ സഞ്ചരിച്ചു വന്ന ആളാണ് ചിത്ര കൃഷ്ണൻകുട്ടി. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഞങ്ങളെപ്പോലുള്ള അദ്ദേഹത്തിന്റെ കൂട്ടുകാർക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. അദ്ദേഹം എനിക്കൊരു ആൽബം സമ്മാനിച്ചിട്ടുണ്ട്.’’–ചിത്ര കൃഷ്ണൻകുട്ടിയെക്കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ.
കോട്ടയത്തെ ചിത്ര സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത് മോഹൻലാലായിരുന്നു. അദ്ദേഹം ആദ്യമായി ഉദ്ഘാടനം ചെയ്ത സംരംഭമെന്ന പ്രത്യേകത കൂടിയുണ്ട് ഈ സ്റ്റുഡിയോയ്ക്ക്. മോഹൻലാലിന്റെ ആദ്യ ചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മുതൽ തുടങ്ങിയ ആത്മബന്ധത്തിന്റെ തെളിവാണ് ആൽബം. 45 വർഷങ്ങളിലെ മോഹൻലാലിനെ നൂറു ചിത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്ര കൃഷ്ണൻകുട്ടി.
സമൂഹമാധ്യമങ്ങൾ സജീവമല്ലാതിരുന്ന കാലത്ത് ചലച്ചിത്ര മാസികകളിൽ അച്ചടിച്ചുവന്ന ഫോട്ടോകൾ അടക്കമുണ്ട് ഈ ആൽബത്തിൽ. മോഹൻലാലിന്റെ അമ്മയും അമ്മൂമ്മയുമുള്ള ചിത്രവും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും കൃഷ്ണൻകുട്ടി നിധിയായി കാണുന്നു.
ഇതിൽ ഓരോ ചിത്രത്തിനും ഓരോ കഥയും പറയാനുണ്ടെന്ന് കൃഷ്ണൻകുട്ടി പറയുന്നു. കാലിനു പരുക്ക് പറ്റിയ സമയത്ത് കോഴിക്കോട് മഹാറാണി ഹോട്ടലിന്റെ ഏറ്റവും മുകളിൽപോയി എടുത്ത മോഹൻലാൽ ഫോട്ടോയുടെ കഥയും അദ്ദേഹം പറയുകയുണ്ടായി. തന്റെ ഫൊട്ടോഗ്രഫി ജീവിതം പുസ്തകമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ചിത്ര കൃഷ്ണൻകുട്ടി.
English Summary:
Chitra Krishnankutty shares rare photos of Mohanlal
Source link