50ാം വയസ്സിൽ ബിരുദാനന്തര ബിരുദം നേടി ട്വിങ്കിൾ ഖന്ന; ഭാര്യ സൂപ്പർ വുമണെന്ന് അക്ഷയ്

അൻപതാം വയസ്സിൽ ബിരുദാനന്തര ബിരുദം നേടിയ ഭാര്യയെ അഭിനന്ദിച്ച് നടൻ അക്ഷയ് കുമാർ. അടുത്തിടെയാണ് ലണ്ടൻ സർവകലാശാലയിൽനിന്ന് എഴുത്തുകാരിയും നടിയുമായ ട്വിങ്കിൾ ഖന്ന ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ഫിക്‌ഷൻ റൈറ്റിങ് മാസ്റ്റർ പ്രോഗ്രാമിലാണ് ട്വിങ്കിളിന്റെ ബിരുദാനന്തര ബിരുദം. രണ്ടുവർഷം മുൻപ് വീണ്ടും പഠിക്കാൻ ആഗ്രഹിക്കുന്നുവെന്നു ട്വിങ്കിൾ പറഞ്ഞപ്പോൾ  തമാശയാണെന്നാണ് കരുതിയതെന്ന് അക്ഷയ് പറയുന്നു. ഇപ്പോൾ ബിരുദം നേടിയ വേളയിൽ, താൻ ഒരു സൂപ്പർ വുമണിനെയാണ് വിവാഹം കഴിച്ചതെന്ന് മനസ്സിലായെന്നും ട്വിങ്കിളിനെ പുകഴ്ത്താനുള്ള വിദ്യാഭ്യാസം തനിക്കില്ലെന്നും അക്ഷയ് കുറിച്ചു. 
‘രണ്ടു വർഷം മുമ്പ് വീണ്ടും പഠിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എന്നോട് പറഞ്ഞപ്പോൾ നീയത് കാര്യമായിട്ടാണോ പറഞ്ഞതെന്ന് ഞാൻ സംശയിച്ചിരുന്നു. പക്ഷേ വീടും ജോലിയും ഞാനും കുട്ടികളുമെല്ലാമുള്ള നിന്റെ ഉത്തരവാദിത്തങ്ങൾക്കൊപ്പം ഒരു ഫുൾ ടൈം വിദ്യാർഥിയായി മാറുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നത് കണ്ടപ്പോൾ ഒരു സൂപ്പർ വുമണിനെയാണ് ഞാൻ വിവാഹം കഴിച്ചതെന്ന് എനിക്ക് മനസ്സിലായി. ഇന്ന് നിന്റെ ബിരുദദാന വേളയിൽ ഞാൻ നിന്നെയോർത്ത് ഒരുപാട് അഭിമാനിക്കുന്നു ടീന. നിന്നെ ആവോളം പുകഴ്ത്താനുള്ള അറിവുണ്ടാകാൻ ഞാൻ കുറച്ചുകൂടി പഠിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. അഭിനന്ദനങ്ങളും എന്റെ എല്ലാ സ്നേഹവും.’’–അക്ഷയ് കുമാർ കുറിച്ചു. 

2022 ലാണ് ട്വിങ്കിൾ ഖന്ന ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ഗോൾഡ്‌സ്മിത്ത്‌സിൽ ഫിക്‌ഷൻ റൈറ്റിങ്ങിൽ മാസ്റ്റേഴ്‌സിനു ചേർന്നത്.  അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും വിവാഹിതരായിട്ട് 20 വർഷത്തിലേറെയായി. ഇവർക്ക് 21 വയസ്സുള്ള ആരവ് എന്ന മകനും 11 വയസ്സുള്ള നിതാര എന്ന മകളുമുണ്ട്. 

‘സൂരറൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് അക്ഷയ്‍യുടെ അടുത്ത റിലീസ്. റിതേഷ് ദേശ്മുഖിനൊപ്പം ഹൗസ്ഫുൾ 5 ലും അക്ഷയ് അഭിനയിക്കുന്നുണ്ട്. തരുൺ മൻസുഖാനിയാണ് ഹൗസ്ഫുൾ 5 സംവിധാനം ചെയ്യുന്നത്. സ്‌കൈ ഫോഴ്‌സ്, ബഡേ മിയാൻ ചോട്ടെ മിയാൻ തുടങ്ങിയവയാണ് മറ്റ് പ്രോജക്ടുകൾ.

English Summary:
Twinkle Khanna completes her MA from the University Of London


Source link
Exit mobile version