ആ അഭിമുഖം സ്ക്രിപ്റ്റഡ് അല്ല, അപ്പൻ മരിച്ചപ്പോൾ പോലും ഞാൻ കരഞ്ഞിട്ടില്ല: വികാരാധീനയായി മെറീന മൈക്കിൾ
ഷൈൻ ടോം ചാക്കോയുമൊത്തുള്ള അഭിമുഖത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് അഭിമുഖത്തിന്റെ പകുതിക്കു വച്ച് ഇറങ്ങിപ്പോയതിൽ വിശദീകരണവുമായി നടി മെറീന മൈക്കിൾ. ആ അഭിമുഖം ഒരിക്കലും സ്ക്രിപ്റ്റഡ് അല്ലെന്നും തനിക്കുണ്ടായ ഒരു അനുഭവം അവിടെ തുറന്നു പറഞ്ഞതാണെന്നും നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ വെളിപ്പെടുത്തി. നമ്മൾ നമ്മുടെ ഗതികേട് പറയുമ്പോൾ അത് കേൾക്കാൻ പോലും തയാറാകുന്നില്ലെങ്കിൽ അവിടെനിന്ന് എഴുന്നേറ്റ് പോവുകയല്ലാതെ വേറെ നിവർത്തിയില്ലെന്നും മെറീന പറയുന്നു.
മെറീനയുടെ വാക്കുകൾ:
‘‘നമസ്കാരം വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഞാൻ കൊടുത്ത ഒരു അഭിമുഖത്തിന്റെ ക്ലിപ്പാണ് നിങ്ങൾക്ക് ഇപ്പോൾ കാണിച്ചുതന്നത്. ഈ അഭിമുഖം ഓൺ എയർ വന്ന ശേഷം ഒരുപാട് കമന്റുകൾ വന്നിരുന്നു. എന്താണ് സംഭവമെന്ന് അറിയാനായി ഒത്തിരി പേർ വിളിക്കുന്നുണ്ട്. മിക്ക ആളുകളും കരുതിയിരിക്കുന്നത് ഇത് സ്ക്രിപ്റ്റഡ് ആണെന്നാണ്. ആദ്യം തന്നെ പറയട്ടെ ഇതൊരിക്കലും സ്ക്രിപ്റ്റഡ് അല്ല. ഞാൻ ഇത് പ്രത്യേകിച്ച് എടുത്തുപറയുകയാണ്. ഇത് എനിക്ക് ഉണ്ടായൊരു അനുഭവം, എന്റെയൊരു പ്രശ്നം ഞാൻ സംസാരിച്ചതാണ്.
സിനിമ പത്തൊൻപതാം തീയതി റിലീസാണ്. അപ്പോൾ സിനിമയെ പറ്റിയുള്ള ചർച്ചയെക്കാൾ കൂടുതൽ വിവാദപരമായ ചർച്ചകൾ വരുമ്പോൾ അത് സിനിമയെ ബാധിക്കരുതെന്ന് കരുതിയാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. എനിക്ക് ഒരുപാട് വിഷമം നേരിടുകയും പ്രതികരിക്കാൻ പോലും പറ്റാതെ ഇറങ്ങിപ്പോയ ഒരു ഇന്റർവ്യൂ ആണത്. നിങ്ങൾക്ക് അത് കണ്ടാൽ മനസ്സിലാകും. ഞാൻ എന്താണ് പറയാൻ വന്നതെന്നു പോലും അംഗീകരിക്കുന്നില്ലെന്ന് എനിക്കു തോന്നി. അത് പറയുമ്പോൾ തന്നെ എനിക്ക് ബുദ്ധിമുട്ടു തോന്നുന്നുണ്ട്. ഈ അഭിമുഖത്തിന് താഴെ വന്നിരിക്കുന്ന കമന്റ്സ് ഞാൻ ആണുങ്ങൾക്ക് എതിരെ പറഞ്ഞു, ഇവള്‍ ഫെമിനിസ്റ്റ് ആണ്, വിക്ടിം കാർഡ് പ്ലെ ചെയ്യുകയാണ് എന്നൊക്കെയാണ്. എല്ലാ ആണുങ്ങളും അങ്ങനെയെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഷൈൻ ടോം ചാക്കോ എന്റെ സുഹൃത്താണ്, ഞാൻ അദ്ദേഹത്തെപ്പോലുമില്ല പറഞ്ഞത്. ചില ആളുകൾ, ആ ചില ആളുകൾ എന്ന വിഭാഗത്തിൽ വരുന്നത് ആണുങ്ങൾ ആയത് കൊണ്ട് ആണുങ്ങൾ എന്ന് പറഞ്ഞെന്നെ ഉള്ളൂ. ഞാൻ പറഞ്ഞത് വ്യക്തിപരമായി ഏതെങ്കിലും അഭിനേതാവിനെയോ നിങ്ങൾക്കോ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണ്. എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഒരുപാട് സംഭവങ്ങളിൽ ഒന്നോ രണ്ടോ സംഭവം ഇങ്ങനെയാണ് എന്ന് പറഞ്ഞതാണ്.
ഞാൻ അന്ന് പറയാൻ വന്ന വിഷയം ഇതാണ്. അന്ന് തിരുവനന്തപുരത്ത് ഒരു സിനിമയിൽ അഭിനയിക്കുകയാണ്. അന്നെനിക്ക് പീരിയഡ്സ് ആയിരുന്നു. ആ സമയത്ത് സ്വാഭാവികമായും നല്ലൊരു റൂം ഉണ്ടെങ്കിൽ പോലും അതിനൊപ്പം തന്നെ ബാത് റൂം കൂടി വേണമെന്ന് നമ്മൾ ആഗ്രഹിക്കുമല്ലോ. അങ്ങനെ വേണമല്ലോ. ശാരീരികമായി നമ്മൾ അത്രയും ബുദ്ധിമുട്ടുന്ന സമയമാണ് അത്. ആദ്യദിവസം എനിക്ക് തന്ന റൂമിൽ നല്ലൊരു ബാത് റൂം പോലുമില്ല. പക്ഷേ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്ന ഒന്നുരണ്ടു പുരുഷ അഭിനേതാക്കൾക്ക് അവർ കാരവൻ കൊടുത്തിട്ടുണ്ട്. ആ താരങ്ങളോട് ഞാൻ പറഞ്ഞു, ‘‘ചേട്ടാ ഇങ്ങനെയാണ് കാര്യം ഭയങ്കര ബുദ്ധിമുട്ടാണ്’’ എന്ന് പറഞ്ഞപ്പോൾ മനസ്സലിവ് തോന്നി അദ്ദേഹം പറഞ്ഞു, നീ ഈ കാരവൻ ഉപയോഗിച്ചോളൂ കുഴപ്പമില്ല. പക്ഷേ അത് അവർക്കു കൊടുത്തതായതുകൊണ്ടു കംഫർട്ടബിളായി തോന്നിയില്ല. ആ വ്യക്തികൾ നല്ല രീതിയിലാണ് എന്നോട് പെരുമാറിയത് അതുകൊണ്ടു അവരുടെ പേരെടുത്ത് പറയുന്നത് അവർക്ക് നെഗറ്റീവ് ആകുമെന്നുള്ളത് കൊണ്ടാണ് പേര് പറയാത്തത്.
ഒരു സംഭവം മാത്രമല്ല ഞാൻ പറയുന്നത്. ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയുടെ സെറ്റിൽ തന്നെ ഷൈൻ അന്വേഷിച്ചു, ഇവർക്ക് നല്ല കാരവൻ കൊടുത്തിട്ടില്ലേ എന്ന് . അങ്ങനെ ചോദിക്കേണ്ട അവസ്ഥ തന്നെ ഉണ്ടാവുകയാണ്. അപ്പൊ തന്നെ മനസ്സിലാകും അത് അവർക്ക് കൊടുത്തിട്ടുണ്ടോ ഇല്ലേ എന്നുള്ളത് സംശയമാണ്. പക്ഷേ ഞാൻ ഒരു സെറ്റിൽ ചെന്നാൽ ഷൈന് ടോമിനോ മറ്റു പുരുഷന്മാർക്കോ നല്ലൊരു കാരവൻ ആണോ കൊടുത്തത് എന്ന് ചോദിക്കേണ്ടി വരില്ല. ഈ സിനിമയുടെ സെറ്റ് വളരെ കംഫർട്ടബിൾ ആയിരുന്നു. ഭക്ഷണവും താമസവും എല്ലാം വളരെ നല്ലതായിരുന്നു. എപ്പോഴും സേഫ് ആയി ഇരിക്കാൻ ഞാൻ ആഗ്രഹിക്കാറുണ്ട്.
തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് നടന്ന ആ സമയത്ത് ഒരു ബാർ ഹോട്ടലിൽ ആണ് താമസസൗകര്യം തന്നത്. എന്നും ഷൂട്ട് കഴിഞ്ഞു വരുമ്പോൾ ഹോട്ടലിന് താഴെ മുഴുവൻ കള്ള് കുടിച്ച ആളുകളാണ്. അസിസ്റ്റന്റ് വേറെ ഹോട്ടലിൽ ആണ് താമസിക്കുന്നത്. ഹോട്ടലിനു മുന്നിലെത്തിയാൽ ഞാൻ ഇറങ്ങി ഓടുമെന്നാണ് ഡ്രൈവർ ചേട്ടനോട് പറഞ്ഞത്. അശ്വിൻ എന്റെ അസിസ്റ്റന്റ് ആണ്. ഞാൻ അവനോടു പറഞ്ഞു ഞാൻ ഓടി അകത്തു കയറും എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചു പറഞ്ഞാൽ മതി എന്ന്. പിന്നെ ഞാൻ പുറത്ത് ഇറങ്ങിയിട്ടെ ഇല്ല. കാരണം താഴെ നിറച്ച് ആളുകളാണ്. ഭക്ഷണം ഓർഡർ ചെയ്യാൻ തോന്നിയാൽ അതിന് താഴെ പോകാൻ പോലും സാധിക്കില്ലായിരുന്നു.
ഒടുവിൽ ഞാൻ ക്രൂവിനോട് ബാർ അടുത്തില്ലാത്ത ഒരു ഹോട്ടലിലേക്ക് താമസം മാറ്റിത്തരുമോ എന്ന് ചോദിച്ചു. ബ്രേക്കിന് ഞാൻ കൊച്ചിയിൽ വന്നു തിരിച്ച് പോയപ്പോഴും ഇത് തന്നെ അവസ്ഥ. റൂമില്ലെന്നാണ് അവർ പറയുന്നത്. അവസാനം ഞാൻ തന്നെ നല്ലൊരു ഹോട്ടലിൽ വിളിച്ച് അത് മേടിച്ചെടുത്തു. ഞാൻ ഇങ്ങനെ ഒരിടത്തു താമസിച്ചിട്ട് നാളെ ആരെങ്കിലും കയറി പിടിച്ചുവെന്ന് ഒരു പരാതി പറഞ്ഞാൽ അവരെന്താ ചോദിക്കുക, നിങ്ങൾ വേണമെങ്കിൽ ചോദിച്ച് മേടിക്കണമായിരുന്നു എന്നായിരിക്കും. അതിനു വേണ്ടിയാണ് ഞാൻ ഫൈറ്റ് ചെയ്തത്. ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വരുന്നതിന്റെ ഗതികേടും ബുദ്ധിമുട്ടും ഒക്കെയാണ് ഞാൻ സംസാരിച്ചത്.
അല്ലാതെ ആണുങ്ങൾ എല്ലാവരും എന്നോട് ഇങ്ങനെ പെരുമാറി എന്നല്ല. എന്നോട് മാന്യമായും നല്ല രീതിയിൽ പ്രവർത്തിച്ച ഒരുപാട് പേരുണ്ട് സിനിമിൽ തന്നെ. ഞാനും സ്വാസികയും കൊടുത്ത ഒരു അഭിമുഖത്തിൽ സ്വാസിക അവരുടെ ഒരു അനുഭവം പറഞ്ഞിരുന്നു ഒരു ഫീമെയിൽ ആർട്ടിസ്റ്റ് കാരവൻ യൂസ് ചെയ്യാൻ സമ്മതിച്ചില്ല അന്നൊരു പുരുഷ താരമാണ് കാരവൻ ഉപയോഗിക്കാൻ കൊടുത്തതെന്ന്. ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ട് ഇതൊന്നും പുറത്തുവരുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ ഫെമിനിസ്റ്റ് ആണെന്ന് പറയും. ഇത് ഫെമിനിസം അല്ല ഒരുതരം ഗതികെട്ട അവസ്ഥയാണ് എന്നാണ് എനിക്ക് പറയേണ്ടി വരുന്നത്. നമ്മൾ നമ്മുടെ ഗതികേട് പറയുമ്പോൾ അത് കേൾക്കാൻ പോലും തയാറാകുന്നില്ലെങ്കിൽ അവിടെനിന്ന് എഴുന്നേറ്റ് പോവുകയല്ലാതെ വേറെ നിവർത്തിയില്ല.
ഞാൻ ഭയങ്കര ബോൾഡ് ആണ് എന്ന് പറഞ്ഞ് ഫേയ്ക്ക് ചെയ്ത് മടുത്തൂ. ഞാൻ അത്ര ബോൾഡൊന്നും അല്ല. ഭയങ്കര സെൻസിറ്റീവ് ആണ്. എന്റെ വീട്ടുകാരുടെ പ്രാർഥന കൊണ്ടോ എന്റെ ഒരു ധൈര്യം കൊണ്ടോ ആണ് ഞാൻ അതിജീവിച്ചു പോകുന്നത്. ആൾക്കാരെന്നോട് മോശമായി സംസാരിക്കരുതെന്ന് കരുതി ഞാൻ തന്നെ ക്രിയേറ്റ് ചെയ്തെടുത്ത പേഴ്സണാലിറ്റിയാണത് ഞാൻ ജീവിക്കുന്നത്. അത് ഒത്തിരി എനിക്ക് സഹായമായിട്ടുണ്ട്.
ആ അഭിമുഖം സ്ക്രിപ്റ്റഡ് അല്ല. ഇപ്പോൾ ഞാൻ കരയുന്നത് എന്തിനെന്ന് ചോദിച്ചാൽ എനിക്ക് ഇതെവിടെ എങ്കിലും പറയണം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും ഞാൻ കരയും. ഇത് ഭയങ്കര വിവാദമാകുകയാണ്. ഒരുപാട് കോളുകളും. എനിക്കൊരു മറുപടി പറഞ്ഞേ പറ്റൂ എന്നുള്ളതുകൊണ്ടാണ് പറയുന്നത്. പണ്ടും കാരവനില്ലാതെ ഉർവശി, ശോഭന ചേച്ചി തുടങ്ങിയവരൊക്കെ സെറ്റിൽ നിന്നും ബെഡ്ഷീറ്റൊക്കെ വിരിച്ച് വസ്ത്രം മാറിയിട്ടുണ്ട് എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ഏതെങ്കിലും സെറ്റിൽ ഇന്ന് ഞാൻ അങ്ങനെ ചെയ്ത് കഴിഞ്ഞാൽ, അടുത്ത സെറ്റിൽ ചെല്ലുമ്പോൾ പറയും അതിനു റൂമൊന്നും കൊടുക്കണ്ട ബെഡ്ഷീറ്റ് വലിച്ചുകെട്ടി ആണെങ്കിലും ഡ്രസ്സ് മാറിക്കോളും. അതുകൊണ്ടാണ് ചെറിയ കാര്യങ്ങൾ വരെ നമ്മൾ ചോദിച്ച് വാങ്ങിക്കുന്നത്. ഇതാണ് ഞാൻ അഭിമുഖത്തിൽ പറയാൻ വന്നത്.
പക്ഷേ ഞാൻ ഉദേശിച്ചത് പോലെ അത് നടന്നില്ല. ഇത് വേറെ രീതിയിലേക്കുള്ള വിവാദങ്ങളിലേക്ക് കൊണ്ടുപോകരുത്. സിനിമയിലുള്ളവരോട് ഒക്കെ ഞാൻ സംസാരിച്ചിട്ടുണ്ട്. കമൽ സാറിനോടും ഷൈനിനോട് ഒപ്പമുള്ളവരോടും ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, ഇങ്ങനെയാണ് ഞാൻ ഉദേശിച്ചത് എന്ന്. എട്ട് വർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. തോൽക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം. എന്നെ ആശ്രയിച്ച് കഴിയുന്ന കുറച്ച് പേർ വീട്ടിലുണ്ട്. ഈ വിഡിയോ കാണുമ്പോൾ ഞാൻ ഇങ്ങനെ ഒരു അവസ്ഥയിലാണെന്ന് അവർക്ക് മനസ്സിലാകുമായിരിക്കും. ഞാൻ ഇതുവരെ അങ്ങനെ കാണിച്ചിട്ടില്ല. എന്റെ അപ്പൻ മരിച്ചപ്പോൾ പോലും ഞാൻ കരഞ്ഞിട്ടില്ല. സിനിമയോട് പാഷൻ തോന്നി ഒട്ടും സപ്പോർട്ട് ഇല്ലാതെ വരുന്നവർ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. എന്നെങ്കിലും നല്ല ഒരു കാലം വന്നാൽ ഞാൻ അത് ആസ്വദിക്കുമായിരിക്കും.’’
റിലീസിന് തയാറെടുക്കുന്ന “വിവേകാനന്ദൻ വൈറലാണ്” എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ മെറീന മൈക്കിൾ ഇറങ്ങിപ്പോയത് ഏറെ ചർച്ചയായിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ പുരുഷന്മാർക്ക് കാരവൻ നൽകിയപ്പോൾ താൻ അടക്കമുള്ള സ്ത്രീകൾക്ക് ബാത്ത്‌റൂം സൗകര്യം പോലുമില്ലാത്ത മുറിയാണ് നൽകിയതെന്ന് മെറീന പറഞ്ഞതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന ഷൈൻ ടോം ചാക്കോ അത് ഏതു നടനാണെന്ന് വെളിപ്പെടുത്തണമെന്നും പുരുഷന്മാരെ ഒന്നടങ്കം ആക്ഷേപിക്കരുതെന്നും ആവശ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നടൻ തനിക്ക് കാരവൻ ഓഫർ ചെയ്തിരുന്നെന്നും അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പേര് പറയാത്തതെന്നും മെറീന പറഞ്ഞു. പക്ഷേ ഷൈൻ ക്ഷുഭിതനായതോടെ മറുത്തു സംസാരിക്കാതെ മെറീന അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. വിഡിയോ വൈറലായതോടെ നടിക്കെതിരെ ശക്തമായ സോഷ്യൽ മീഡിയ വിമർശനമാണ് ഉയർന്നത്.
Source link