സന്തോഷം നിറഞ്ഞ വിവാഹച്ചടങ്ങിനെ അലോസരപ്പെടുത്താൻ എന്തെല്ലാം ശ്രമങ്ങൾ: ശ്രീയ രമേശ് പറയുന്നു

ഭാഗ്യയുടെ വിവാഹം സുരേഷ് ഗോപിയുടെയും രാധികയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നുെവന്ന് നടി ശ്രീയ രമേശ്. പ്രധാനമന്ത്രിയുടെ സാന്നിധ്യം കൊണ്ട് അത്യപൂർവമായ ഒരു വിവാഹച്ചടങ്ങായി അത് മാറിയെന്നും ശ്രീയ പറയുന്നു. അതോടൊപ്പം തന്നെ സന്തോഷം നിറഞ്ഞ ഈ ചടങ്ങിനെ ചില സൈബർ മനോരോഗികൾ മോശമായി ചിത്രീകരിക്കുവാൻ ശ്രമം നടത്തിയെന്നും ശ്രീയ രമേശ് പറഞ്ഞു.
‘‘ഭാഗ്യയുടെ വിവാഹം എന്നത് സുരേഷ് ചേട്ടന്റെയും ചേച്ചിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അതാണ് ഗുരുവായൂരപ്പന്റെ നടയിൽ സഫലീകൃതമായത്. എത്രയോ കാലമായി കാത്തിരുന്ന നിമിഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സാന്നിധ്യം കൊണ്ട് അത്യപൂർവമായ ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു ഇത്. ഒപ്പം മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടേയും മറ്റു സഹപ്രവർത്തകരുടേയും സാന്നിധ്യം.ഭാഗ്യമോൾക്കും ഭർത്താവ് ശ്രേയസിനും എന്റെയും കുടുംബത്തിന്റെയും ആശംസകളും പ്രാർഥനകളും.

PS: ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ ഏതെല്ലാം രീതിയിൽ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാന്‍ / അലോസരപ്പെടുത്തുവാൻ സാധിക്കുമോ അതിന്റെ പരമാവധി ചില സൈബർ മനോരോഗികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തി. ഇപ്പോഴും നിർത്തിയിട്ടില്ല. തൃശൂരിലെ പള്ളിയിൽ മാതാവിന്റെ തിരുരൂപത്തിൽ സ്വർണ കിരീടം സമർപ്പിച്ച സമയത്ത് ഏതോ ക്യാമറമാൻ അത് തട്ടിയിട്ടത് എന്തെല്ലാം ദുർവ്യാഖ്യാനം നൽകി ഇവർ. ഒടുവിൽ ഇതാ ഇന്ത്യൻ പ്രധാനമന്ത്രിക്കരികെ മമ്മൂക്ക കൈ കെട്ടി നിൽക്കുന്ന ഒരു ചിത്രം പോലും സൈബർ മനോരോഗികൾ തങ്ങളുടെ മനസ്സിന്റെ സങ്കുചിതാവസ്ഥയ്ക്ക് ഏറ്റവും പാകമായ വിധം വ്യാഖ്യാനങ്ങൾ നൽകി ആഘോഷിക്കുകയാണ്.

അദ്ദേഹം ബഹു. പ്രധാനമന്ത്രിയിൽ നിന്നും അക്ഷതം സ്വീകരിച്ചതും നമ്മൾ കണ്ടു. ഇത്തരം മനസ്സുകളിൽ അടിഞ്ഞു കൂടിയ  മാലിന്യത്തിന്റെ വലിപ്പം ഊഹിക്കാവുന്നതിലും അപ്പുറമാണ്.  ആ സങ്കുചിത മാനസിക അവസ്ഥയിൽ കലാകാരന്മാർ ഉൾപ്പെടെ ഉള്ളവർ പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യണം എന്ന് ദയവായി പ്രതീക്ഷിക്കരുതെന്ന് ഓർമപ്പെടുത്തട്ടെ.’’–ശ്രീയ രമേശിന്റെ വാക്കുകൾ.

English Summary:
Sreeya Remesh about Bhagya Suresh’s Wedding


Source link
Exit mobile version