മണിപ്പുർ സംഘർഷം: സുരക്ഷാ ഭടൻ വെടിയേറ്റു മരിച്ചു

കൊൽക്കത്ത ∙ മണിപ്പുരിൽ ഇന്ത്യ-മ്യാൻമർ അതിർത്തി നഗരമായ മോറെയിൽ കുക്കി സായുധഗ്രൂപ്പുകൾ നടത്തിയ വെടിവയ്പിൽ ഇന്ത്യ റിസർവ് ബറ്റാലിയനിലെ കമാൻ‍ഡോ കൊല്ലപ്പെട്ടു. മെയ്തെയ് തീവ്ര സംഘടനകൾ 2 സ്കൂളുകളും ഏതാനും വീടുകളും തീയിട്ടു. ഇവിടെ യുദ്ധസമാനമായ സാഹചര്യമാണുള്ളത്. മണിപ്പുർ പൊലിസിന്റെ ഭാഗമായ ഐആർബിയിലെ കമാൻഡോ വാങ്കെം സോമോരിജിത് ആണ് കൊല്ലപ്പെട്ടത്. ബോംബുകളുമായി കുക്കി സായുധഗ്രൂപ്പുകൾ സുരക്ഷാ ചെക്പോസ്റ്റുകൾ ആക്രമിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
മണിപ്പുർ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ 2 കുക്കി ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് കുക്കി ഭീകരർ ആക്രമണം അഴിച്ചുവിട്ടതെന്ന് പൊലീസ് പറഞ്ഞു. മെയ്തെയ് തീവ്രസംഘടനകളും മണിപ്പുർ കമാൻഡോകളും കുക്കികളെ വേട്ടയാടുകയാണെന്നും 2 സ്കൂളുകളും വീടുകളും ഇവർ അഗ്നിക്കിരയാക്കിയെന്നും ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം ആരോപിച്ചു. 11 വീടുകൾ പൂർണമായും കത്തിനശിച്ചു. തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിനൊപ്പം മറ്റ് സംഘടനകളും മണിപ്പുർ കമാൻഡോകളും കുക്കികൾക്കെതിരെ അണിചേർന്നിരിക്കുകയാണെന്ന് അവർ ആരോപിച്ചു. ‌

English Summary:
Manipur conflict: Security guard shot dead


Source link
Exit mobile version