ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ നിർണായക പോരാട്ടത്തിന് ഇന്ത്യ ഇന്ന് കളത്തിൽ. നീലക്കടുവകൾ എന്നറിയപ്പെടുന്ന ഇന്ത്യയുടെ എതിരാളികൾ വെള്ള ചെന്നായ്ക്കൾ എന്ന പേരുകാരായ ഉസ്ബക്കിസ്ഥാനാണ്. ഗ്രൂപ്പ് ബിയിലെ ഈ പോരാട്ടം അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടിന് നടക്കും. ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് പ്രീ ക്വാർട്ടർ സാധ്യത സജീവമായി നിലനിർത്താൻ സാധിക്കൂ. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ഓസ്ട്രേലിയയോട് 2-0ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതേസമയം, ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ഉസ്ബക്കിസ്ഥാൻ 0-0ന് സിറിയയുമായി സമനിലയിൽ പിരിഞ്ഞു. ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാൾ (102) ഏറെ മുന്നിലാണ് ഉസ്ബക്കിസ്ഥാൻ (68). അതുകൊണ്ടുതന്നെ നന്നായി വിയർപ്പൊഴുക്കിയാൽ മാത്രമേ ഇന്ത്യക്ക് ജയം സാധ്യമാകൂ. പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരേ ഇറങ്ങാതിരുന്ന മലയാളി അറ്റാക്കിംഗ് മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദ് ഇന്ന് ഇറങ്ങുമോ എന്നതും ആരാധകർ ഉറ്റുനോക്കുന്നു.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ സിറിയയുമായി കൊന്പുകോർക്കും. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് മത്സരം. ഇന്ത്യക്കു ജയമില്ല ഉസ്ബക്കിസ്ഥാനെതിരേ ഇന്ത്യക്ക് ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യയും ഉസ്ബക്കിസ്ഥാനും തമ്മിലുള്ള ഏഴാമത് നേർക്കുനേർ പോരാട്ടമാണ് ഇന്ന് നടക്കുക. കഴിഞ്ഞ ആറ് മത്സരങ്ങളിൽ നാലിലും ഉസ്ബക്കിസ്ഥാൻ ജയം നേടി. 2001ൽ മെർഡേക്ക കപ്പിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഉസ്ബക്കിസ്ഥാൻ 2-1നു ജയിച്ചു. എഎഫ്സി ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകളാണ് പ്രീക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശിക്കുക. മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടക്കാനുള്ള സാധ്യതയുമുണ്ട്.
Source link