ഡബിൾ സൂപ്പർ ഓവറിൽ ഇന്ത്യക്കു ജയം
ബംഗളൂരു: എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ പെരിയസ്വാമിയായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി-20 ക്രിക്കറ്റിൽ 69 പന്തിൽ എട്ട് സിക്സും 11 ഫോറും ഉൾപ്പെടെ 121 റണ്‍സുമായി രോഹിത് പുറത്താകാതെനിന്നു. പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായതിന്റെ കേട് തീർക്കുന്നതായിരുന്നു ഈ ഇന്നിംഗ്സ്. 4.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 22 റണ്‍സ് എന്ന നിലയിൽ ഇന്ത്യ തകർന്നടിഞ്ഞിടത്തുനിന്നാണ് രോഹിത് രക്ഷകന്റെ റോളിൽ എത്തിയത്. ക്യാപ്റ്റന്റെ ഇന്നിംഗ്സിലൂടെ ഇന്ത്യയുടെ പട മുന്നോട്ട് നയിച്ച രോഹിത്തിനൊപ്പം റിങ്കു സിംഗും (39 പന്തിൽ ആറ് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 69 നോട്ടൗട്ട്) ഒന്നിച്ചു. അതോടെ ഇന്ത്യയുടെ സ്കോർ 20 ഓവറിൽ 212/4. ടൈ, ഡബിൾ സൂപ്പർ ഓവർ ശക്തമായി തിരിച്ചടിച്ച അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ടൈയിൽ പിടിച്ചു. 213 റൺസ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എടുത്ത് ടൈ നേടി. ഇന്ത്യക്കെതിരേ അഫ്ഗാനിസ്ഥാന്റെ ആദ്യ ടൈയാണ്. റഹ്മത്തുള്ള ഗുർബാസ് (32 പന്തിൽ 50), ഇബ്രാഹിം സദ്രാൻ (41 പന്തിൽ 50), ഗുൽബാദിൻ നബി (23 പന്തിൽ 55 നോട്ടൗട്ട്) എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ തിരിച്ചടിക്ക് നേതൃത്വം നൽകിയത്. തുടർന്ന് സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടു. സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് നേടി. സൂപ്പര്‍ ഓവറില്‍ 17 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കു പക്ഷേ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. അതോടെ വീണ്ടും സൂപ്പര്‍ ഓവര്‍. ഡബിള്‍ സൂപ്പര്‍ ഓവറില്‍ ഇന്ത്യക്കായിരുന്നു ആദ്യം ബാറ്റിംഗ്. രോഹിത് ശര്‍മ മൂന്ന് പന്തില്‍ 11 റണ്‍സ് നേടി. നാലാം പന്തില്‍ റിങ്കു സിംഗ് (0) പുറത്ത്. തുടര്‍ന്ന് സഞ്ജു സാംസണ് ക്രീസില്‍. അഞ്ചാം പന്തില്‍ രോഹിത് റണ്ണൗട്ട്. അതോടെ ഇന്ത്യ 11ന് പുറത്ത്. 12 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്റെ, സൂപ്പര്‍ ഓവറിൽ അനുവദിക്കപ്പെട്ട രണ്ട് വിക്കറ്റും ഒരു റണ്‍ മാത്രം വഴങ്ങി രവി ബിഷ്ണോയ് വീഴ്ത്തി. അതോടെ ഇന്ത്യക്ക് ജയം. സെഞ്ചുറിക്കു പിന്നാലെ രണ്ട് സൂപ്പര്‍ ഓവറുകളിലായി 13ഉം 11ഉം റണ്‍സ് വീതം നേടി ഇന്ത്യയെ ജയത്തിലെത്തിച്ച് രോഹിത് ശരിക്കും പെരിയസ്വാമിയായി.
റിക്കാർഡ് രോഹിത് ഒരു ഘട്ടത്തിൽ 24 പന്തിൽ 17 റണ്‍സ് എന്നനിലയിൽ പരുങ്ങുകയായിരുന്ന രോഹിത് നേരിട്ട 41-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. 64-ാം പന്തിലായിരുന്നു സെഞ്ചുറി. രാജ്യാന്തര ട്വന്റി-20യിൽ രോഹിത് ശർമയുടെ അഞ്ചാം സെഞ്ചുറിയാണ്. ഇതോടെ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റിക്കാർഡ് രോഹിത് സ്വന്തമാക്കി. നാല് സെഞ്ചുറി വീതമുള്ള ഇന്ത്യയുടെ സൂര്യകുമാർ യാദവിനെയും ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെല്ലിനെയുമാണ് രോഹിത് പിന്തള്ളിയത്. ക്യാപ്റ്റനായി ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ ട്വന്റി-20 റണ്‍സ് എന്ന റിക്കാർഡും രോഹിത് സ്വന്തമാക്കി. വിരാട് കോഹ്ലിയെയാണ് (1570) രോഹിത് മറികടന്നത്. ഗോൾഡൻ 0 കോഹ്ലി രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ വിരാട് കോഹ്ലി ആദ്യമായി ഗോൾഡൻ ഡക്ക് ആകുന്നതിനും ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. ഫരീദ് അഹമ്മദിന്റെ പന്തിൽ മിഡ് ഓഫിൽ ക്യാച്ച് നൽകിയായിരുന്നു കോഹ്ലിയുടെ മടക്കം. കോഹ്ലിക്കു പിന്നാലെ മലയാളി ബാറ്റർ സഞ്ജു സാംസണും നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്തായി. യശസ്വി ജയ്സ്വാൾ (4), വിരാട് കോഹ്ലി (0), ശിവം ദുബെ (1), സഞ്ജു സാംസണ് (0) എന്നിവർ പുറത്തായതോടെയാണ് ഇന്ത്യ 4.3 ഓവറിൽ 22/4 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. തുടർന്ന് അഞ്ചാം വിക്കറ്റിൽ റിക്കാർഡ് കൂട്ടുകെട്ടായി 190 റൺസുമായി രോഹിത്തും റിങ്കുവും പുറത്താകാതെനിന്നു.
Source link