ചെന്നൈ–ബെംഗളൂരു–മൈസൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി: വിശദപദ്ധതിരേഖ ലഭിച്ചാൽ 3 വർഷത്തിനകം പൂർത്തിയാകും
ബെംഗളൂരു∙ ചെന്നൈ–ബെംഗളൂരു–മൈസൂരു ബുള്ളറ്റ് ട്രെയിനിനു വഴിയൊരുക്കാൻ, അതിവേഗ (ഹൈസ്പീഡ്) റെയിൽപാതയുടെ വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാനുള്ള സർവേ പുരോഗമിക്കുന്നു. തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് 435 കിലോമീറ്റർ ദൂരം പുതിയ പാത നിർമിക്കുന്നത്. 9 സ്റ്റേഷനുകളുള്ള പാതയിൽ ട്രെയിനുകളുടെ വേഗം 250–350 കിലോമീറ്റർ വരെയായിരിക്കും.
കർണാടകയുടെയും തമിഴ്നാടിന്റെ തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗപാത ഇരുസംസ്ഥാനങ്ങളുടെയും വ്യവസായ സാമ്പത്തിക വളർച്ചയ്ക്കും ആക്കം കൂട്ടും. പദ്ധതിക്ക് അനുമതി ലഭിച്ചാൽ 3 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 9 സ്റ്റേഷനുകൾ ചെന്നൈ, ആർക്കോണം, പൂനമല്ലി, ചിറ്റൂർ, ബംഗാർപേട്ട്, ബെംഗളൂരു, ചന്നപട്ടണ, മണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ നിർമിക്കുക. 2 മണിക്കൂർ 25 മിനിറ്റ് അതിവേഗ പാതയിൽ ചെന്നൈയിൽ നിന്ന് മൈസൂരു വരെ 2 മണിക്കൂർ 25മിനിറ്റ് കൊണ്ടും ചെന്നൈ–ബെംഗളൂരു ദൂരം ഒന്നര മണിക്കൂർ കൊണ്ടും എത്താം. നിലവിൽ ഈ റൂട്ടിലെ വേഗമേറിയ ട്രെയിനായ ചെന്നൈ–മൈസൂരു വന്ദേഭാരത് എക്സ്പ്രസിന് മൈസൂരു വരെ 500 കിലോമീറ്റർ ഓടിയെത്താൻ 6 മണിക്കൂർ 30 മിനിറ്റും ബെംഗളൂരു വരെ 4മണിക്കൂർ 20 മിനിറ്റും വേണ്ടിവരുന്നുണ്ട്. ഒരു ട്രെയിനിൽ 750 പേർക്ക് യാത്ര ചെയ്യാം. 2 പഠനങ്ങൾ തള്ളി അതിവേഗ പാതയ്ക്കായി നേരത്തെ ജർമൻ, ചൈനീസ് കമ്പനികൾ നടത്തിയ സർവേ റെയിൽവേ അംഗീകരിക്കാതെ വന്നതോടെയാണ് മൂന്നാമതും സർവേ നടത്തുന്നത്. 2016ൽ ജർമൻ കമ്പനി നടത്തിയ സർവേയിൽ 435 കിലോമീറ്റർ ദൂരം പാത പൂർത്തിയാക്കാൻ മാത്രം ഒരു ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കിയത്.
4350 കോടി രൂപ ചെലവിട്ട് നിലവിലെ റെയിൽപാതയിലെ വളവുകൾ നിവർത്തിയാൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാമെന്നായിരുന്നു ചൈനീസ് കമ്പനി നടത്തിയ സർവേയിലെ നിർദേശം.അഹമ്മദാബാദ്–മുംബൈ അതിവേഗ പാത ബെംഗളൂരുവിലേക്ക് നീട്ടണം അഹമ്മദാബാദ്–മുംബൈ ബുള്ളറ്റ് ട്രെയിൻ ബെംഗളൂരുവിലേക്കു നീട്ടണമെന്ന് വ്യവസായമന്ത്രി എം.ബി.പാട്ടീൽ. മൈസൂരു–ബെംഗളൂരു–ചെന്നൈ അതിവേഗ റെയിൽ പദ്ധതിക്ക് തുടർച്ചയായി അഹമ്മദാബാദ്–മുംബൈ പാതയും മാറും. ഇതോടെ 5 സംസ്ഥാനങ്ങളുടെ വാണിജ്യ വ്യവസായ വികസനത്തിന് അതിവേഗ പാത സൗകര്യമൊരുക്കും. ബെംഗളൂരു–മുംബൈ നഗരങ്ങളെ ബന്ധിപ്പിച്ച് നിലവിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസില്ല.
English Summary:
Groundwork Begins For Chennai-Mysore Bullet Train High Speed Rail Project
Source link