വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പുകൾക്കു തുടക്കം കുറിച്ച അയോവ സംസ്ഥാനത്ത് ഡോണൾഡ് ട്രംപിനു വൻ വിജയം. തിങ്കളാഴ്ച നടന്ന അയോവ കോക്കസിൽ ട്രംപ് 51 ശതമാനം വോട്ടുകൾ നേടി. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് 21.3 ശതമാനം വോട്ടുകളുമായി രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ വംശജ നിക്കി ഹേലിക്ക് 19.1 ശതമാനം വോട്ടുകളാണു കിട്ടിയത്. 7.7 ശതമാനം വോട്ടുകളുമായി നാലാമതെത്തിയ മലയാളി വംശജനായ വിവേക് രാമസ്വാമി ഇനി മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിക്കുകയും ഇനിയങ്ങോട്ട് ട്രംപിനു പിന്തുണ നല്കുമെന്നു സൂചിപ്പിക്കുകയും ചെയ്തു. ന്യൂ ഹാംപ്ഷെയർ സംസ്ഥാനത്തെ പ്രൈമറിയാണ് അടുത്ത തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിമോഹികളിൽ മുൻ പ്രസിഡന്റ് ട്രംപ് ബഹുദൂരം മുന്നിലാണെന്ന് അഭിപ്രായ സർവേകൾ പറയുന്നു. മറ്റു സ്ഥാനാർഥിമോഹികളേക്കാൾ അദ്ദേഹം 30 പോയിന്റ് മുന്നിലാണത്രേ.
38 വയസുള്ള വിവേക് രാമസ്വാമി വിവാദ നയങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചെടുത്തിരുന്നു. അമേരിക്കയെ നാറ്റോ സഖ്യത്തിൽനിന്നു പുറത്തു കൊണ്ടുവരണമെന്നൊക്കെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ സ്വാധീനം വർധിപ്പിക്കുന്നതിൽ വിവേക് പരാജയപ്പെട്ടു. പ്രചാരണപരിപാടികൾ പ്രതീക്ഷിച്ചതുപോലെ ഫലപ്രദമായില്ലെന്നും മത്സരത്തിൽനിന്നു പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചു. ട്രംപ് ജയിച്ചാൽ വിവേക് രാമസ്വാമി സർക്കാരിന്റെ ഭാഗമായേക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപും ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനും വീണ്ടും ഏറ്റുമുട്ടാനാണു സാധ്യത. ഡെമോക്രാറ്റിക് പാർട്ടിയിൽ ബൈഡൻ സ്ഥാനാർഥിത്വം ഉറപ്പിച്ച മട്ടാണ്.
Source link