ബ്ലാസ്റ്റേഴ്സിനു പിന്നാലെ ഗോകുലവും പുറത്ത്

ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോളിൽ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു പിന്നാലെ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്. ഗ്രൂപ്പ് സിയിൽ ഗോകുലം കേരള എഫ്സി രണ്ടാം തോൽവിയോടെയാണ് പുറത്തായത്. ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം മറുപടിയില്ലാത്ത രണ്ട് ഗോളിന് ഐഎസ്എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്സിയോട് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയിൽ ജംഷഡ്പുർ എഫ്സിയോട് 3-2നു പരാജയപ്പെട്ടതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തായത്. ഗ്രൂപ്പിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് എതിരേ ബ്ലാസ്റ്റേഴ്സിന് ഒരു മത്സരം ശേഷിക്കുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഷില്ലോംഗ് ലാജോംഗിനെ 1-3ന് ബ്ലാസ്റ്റേഴ്സ് കീഴടക്കിയിരുന്നു.
എന്നാൽ, ജംഷഡ്പുർ രണ്ട് ജയത്തോടെ സെമി ഫൈനൽ ഉറപ്പിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജംഷഡ്പുർ പരാജയപ്പെടുകയും കേരള ബ്ലാസ്റ്റേഴ്സ് ജയിക്കുകയും ചെയ്താലും സെമി ഫൈനൽ വഴി തുറക്കില്ല. ഗ്രൂപ്പ് ഘട്ടത്തിൽ പോയിന്റ് തുല്യമായാൽ നേർക്കുനേർ പോരാട്ടത്തിൽ ജയിച്ച ടീമാണ് നോക്കൗട്ടിലെത്തുക.
Source link