ഓസ്ട്രേലിയൻ ഓപ്പണ്‍: സുമിത് നഗാൽ രണ്ടാം റൗണ്ടിൽ

മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ പുരുഷ വിഭാഗം സിംഗിൾസിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ സുമിത് നഗാൽ രണ്ടാം റൗണ്ടിൽ. 35 വർഷത്തിനുള്ളിൽ ഗ്രാൻസ്ലാം ടൂർണമെന്റിൽ ഒരു സീഡഡ് താരത്തെ തോൽപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടമാണ് കൈവരിച്ചത്. ആദ്യ റൗണ്ടിൽ കസാക്കിസ്ഥാന്റെ ലോക 27-ാം നന്പർ താരം അലക്സാണ്ടർ ബബ്ലികിനെ തകർത്തു. രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിൽ 6-4, 6-2, 7-6 (7-5) എന്ന സ്കോറിനാണ് സുമിത്തിന്റെ അട്ടിമറി ജയം. ലോക റാങ്കിംഗിൽ 137-ാം സ്ഥാനത്തുള്ള സുമിത്, 27-ാം റാങ്കുകാരനെതിരേ ഒട്ടും പതറാതെയാണ് മത്സരിച്ചത്. ആദ്യ രണ്ട് സെറ്റുകളിൽ സുമിത്തിന്റെ ആധിപത്യം തന്നെയാണ് കാണാൻ കഴിഞ്ഞത്. എന്നാൽ, മൂന്നാം സെറ്റിൽ ബബ്ലിക് തിരിച്ചുവന്നെങ്കിലും സുമിത്തിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി. 1989നുശേഷമാണ് ഒരു ഇന്ത്യക്കാരൻ ഒരു ഗ്രാൻസ്ലാം ടൂർണമെന്റിൽ സീഡ് ചെയ്യപ്പെട്ട കളിക്കാരനെ തോൽപ്പിക്കുന്നത്. 1989ലെ ഓസ്ട്രേലിയൻ ഓപ്പണ്‍ രണ്ടാം റൗണ്ടിൽ ഇന്ത്യൻ ഇതിഹാസം രമേഷ് കൃഷ്ണൻ അന്ന് ലോക ഒന്നാം നന്പറായിരുന്ന മാറ്റ്സ് വിലാൻഡറിനെതിരേ രണ്ടാം റൗണ്ടിൽ നേടിയ ജയമാണ് ഇതിനു മുന്‍പ് ഇന്ത്യ നേടിയ വലിയ ജയം.
1983, 1984, 1987, 1988, 1989 വർഷങ്ങളിൽ രമേഷ് കൃഷ്ണൻ ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തി. വിജയ് അമൃത് രാജാണ് ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ട് കടന്ന മറ്റൊരു ഇന്ത്യക്കാരൻ. 1984ൽ അമൃത് രാജ് രണ്ടാം റൗണ്ടിലെത്തി. ലിയാണ്ടർ പേസ് രണ്ടു തവണയും (1997, 2000) രണ്ടാം റൗണ്ടിൽ കടന്നു. സോംദേവ് ദേവ് വർമൻ 2013ൽ ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഓസ്ട്രേലിയൻ ഓപ്പണിൽ സുമിത് ആദ്യമായാണ് രണ്ടാം റൗണ്ടിൽ പ്രവേശിക്കുന്നത്. ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ പ്രവേശിക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് സുമിത്. റാങ്കിംഗിൽ ആദ്യ 50 സ്ഥാനങ്ങളിലുള്ള ഒരാളോട് സുമിത് വിജയിക്കുന്നതും ഇതാദ്യമായാണ്. ഇരുപത്തിയാറുകാരനായ നഗാൽ 2020ൽ യുഎസ് ഓപ്പണിൽ ബ്രാഡ്ലി ക്ലാനെതിരേ അട്ടിമറി ജയം നേടി രണ്ടാം റൗണ്ടിലെത്തിയിരുന്നു. ഗ്രാൻസ്ലാം പുരുഷ സിംഗിൾസിൽ സീഡ് ചെയ്യപ്പെടുന്ന ഒരു കളിക്കാരനെ തോൽപ്പിക്കുന്ന രണ്ടാമത് മാത്രം ഇന്ത്യൻ താരമാണ് സുമിത് നഗൽ. 1989ൽ ഇന്ത്യയുടെ രമേഷ് കൃഷ്ണനാണ് ഈ നേട്ടത്തിൽ ആദ്യമെത്തിയത്.
Source link