“ഫിഫ ദ ബെസ്റ്റ്’ ഏറ്റവും കൂടുതൽ നേടുന്ന താരമായി ലയണൽ മെസി
ലണ്ടൻ: ‘ടൈബ്രേക്കറിലൂടെ’ നോർവെയുടെ എർലിംഗ് ഹാലണ്ടിനെ പിന്തള്ളി 2023ൽ ലോകത്തിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളറിനുള്ള ഫിഫയുടെ പുരസ്കാരമായ ഫിഫ ദ ബെസ്റ്റ് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക്. ഫിഫ ഖത്തർ ലോകകപ്പ് ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന നേടിയതിന്റെ പിറ്റേദിനം മുതൽ (2022 ഡിസംബർ 19) 2023 ഓഗസ്റ്റ് 20വരെയുള്ള സമയത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം. ഇക്കാലയളവിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമയ്നെ (പിഎസ്ജി) ലീഗ് വണ്‍ കിരീടത്തിലും അമേരിക്കൻ മേജർ ലീഗ് ക്ലബ്ബായ ഇന്റർ മയാമിയെ കന്നിക്കിരീടത്തിലും (ലീഗ്സ് കപ്പ് 2023) എത്തിക്കുന്നതിൽ മെസി നിർണായക പങ്കുവഹിച്ചു. 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീന പോയിന്റ് ടേബിളിൽ നിലവിൽ ഒന്നാം സ്ഥാനത്ത് ഇരിക്കുന്നതും മെസിയുടെ മികവിലാണ്. 2023 ഫിഫ ദ ബെസ്റ്റിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ നോർവീജിയൻ താരം എർലിംഗ് ഹാലണ്ട്, ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ സ്വദേശി സൂപ്പർ സ്റ്റാർ കിലിയൻ എംബപ്പെ എന്നിവരെയാണ് മെസി പിന്തള്ളിയത്. ലണ്ടനിൽ നടന്ന ചടങ്ങിൽ പുരസ്കാരം സ്വീകരിക്കാൻ ഇന്റർ മയാമി താരമായ മെസി എത്തിയില്ല എന്നതും ശ്രദ്ധേയം. മെസിക്കുവേണ്ടി ഫ്രഞ്ച് മുൻ താരം തിയറി ഒൻറിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. 2023 ബലോണ്‍ ദോർ പുരസ്കാരവും മെസിക്കായിരുന്നു.
റിക്കാർഡ് നേട്ടം 2019, 2022, 2023 എന്നിങ്ങനെ മൂന്നാം തവണയാണ് ഫിഫ ദ ബെസ്റ്റ് പുരസ്കാരം മെസി സ്വന്തമാക്കുന്നത്. ഏറ്റവും കൂടുതൽ പ്രാവശ്യം ബലോണ്‍ ദോർ സ്വന്തമാക്കുന്നതിന്റെ റിക്കാർഡ് 2023 പുരസ്കാരത്തോടെ (8) പുതുക്കിയ മെസി, ഫിഫ ദ ബെസ്റ്റ് നേട്ടത്തിലും റിക്കാർഡ് കുറിച്ചു. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (2016, 2017), പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കി (2020, 2021) എന്നിവരാണ് നിലവിൽ മെസിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്. ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലയണൽ മെസി സ്വന്തമാക്കുന്നത് ഇത് മൂന്നാം തവണ. ഈ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടുന്നതിന്റെ റിക്കാർഡും മെസി സ്വന്തമാക്കി. രണ്ട് തവണ പുരസ്കാരം നേടിയ പോർച്ചുഗൽ സൂപ്പർ താരവും ചിരവൈരിയുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ, പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി എന്നിവർക്കൊപ്പമായിരുന്നു മെസി ഇതുവരെ.
Source link