വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും നിമിത്തമുള്ള യാത്രാക്ലേശം പരിഹരിക്കാൻ നടപടി; മന്ത്രി സിന്ധ്യ രംഗത്ത്
ന്യൂഡൽഹി∙ മൂടൽമഞ്ഞ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിമാനങ്ങൾ അപ്രതീക്ഷിതമായി വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കാലാവസ്ഥയിലെ പ്രശ്നം നിമിത്തം പ്രതിവർഷം നൂറു കണക്കിന് വിമാനങ്ങൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് സിന്ധ്യ വിമാനക്കമ്പനികൾക്കായി പുതിയ ആറിന പൊതു നടപടി ക്രമങ്ങൾ (എസ്ഒപി) ഏർപ്പെടുത്തിയത്. ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതിനു പുറമേ, ഇത്തരം സംഭവങ്ങളേക്കുറിച്ച് ആറ് മെട്രോ വിമാനത്താവളങ്ങളിൽ നിന്നും പ്രതിദിനം മൂന്നു റിപ്പോർട്ടുകൾ വീതം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പൊതു നടപടി ക്രമം (എസ്ഒപി) നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾ കൃത്യമായി അറിയിക്കാൻ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനെയും (ഡിജിസിഎ) ചുമതലപ്പെടുത്തിയതായി അദ്ദേഹം വിശദീകരിച്ചു.
In view of the fog-induced disruptions, Standard Operating Procedures (SOPs) on mitigating passenger inconvenience were issued yesterday to all the airlines.1. In addition to these SOPs, we have sought incidence reporting thrice daily for all the 6 metro airports. 2.… https://t.co/346YXjxGdH— Jyotiraditya M. Scindia (@JM_Scindia) January 16, 2024
വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതു നിമിത്തം യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ നടത്തി പരിഹരിക്കുന്നതിന് ആറ് മെട്രോ വിമാനത്താവളങ്ങളിലും പ്രത്യേക ‘വാർ റൂം’ സജ്ജീകരിക്കണമെന്നും നിർദ്ദേശമുണ്ട്. വിമാനക്കമ്പനികൾക്കും വിമാനത്താവള ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടാകും. വിമാനത്താവളങ്ങളിൽ ആവശ്യത്തിന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കുമെന്നും മന്ത്രി കുറിച്ചു.
മൂടൽ മഞ്ഞ് ഉൾപ്പെടെയുള്ള കാരണങ്ങൾ നിമിത്തം കാഴ്ച തീരെ അവ്യക്തമായിരിക്കുന്ന സമയത്തും ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനുമുള്ള സംവിധാനം തയാറാണെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ റൺവേകൾ ഇത്തരത്തിൽ ക്രമീകരിച്ച് എത്രയും വേഗം പ്രവർത്ത സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ വിവിധ വിമാനത്താവളത്തിൽ ഇത്തരം സാഹചര്യങ്ങളിൽ യാത്രക്ലേശം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വ്യോമയാന മന്ത്രിയുടെ ഇടപെടൽ. കാലാവസ്ഥാ പ്രശ്നം നിമിത്തം വിമാനങ്ങൾ മണിക്കൂറുകൾ വൈകുന്നതും അവസാന നിമിഷം റദ്ദാക്കുന്നതും യാത്രക്കാർക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. സമാനമായ സാഹചര്യത്തിൽ 10 മണിക്കൂർ വൈകിയ ഡൽഹി – ഗോവ വിമാനത്തിലെ യാത്രക്കാരൻ ക്യാപ്റ്റനെ ആക്രമിക്കാൻ ശ്രമിച്ചത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്.
English Summary:
Aviation Minister Jyotiraditya Scindia’s New Rules Over Flight Delays
Source link