ഡൽഹി കോർപറേഷന്റെ പ്രത്യേക യോഗത്തിൽ ബഹളം; ഉന്ത്, തള്ള്, പേപ്പർ മഴ!
ന്യൂഡൽഹി∙ ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ പ്രത്യേക യോഗത്തിൽ ബഹളം. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ ചേംബറിലേക്ക് കയറി പേപ്പറുകൾ കീറിയെറിഞ്ഞു.
കോർപറേഷനിലെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട 18 അംഗ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പുനഃസംഘടന വൈകുകയാണ്. പുനഃസംഘടന നടക്കുന്നതുവരെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധികാരം സഭയ്ക്കു കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാണ് പ്രത്യേക യോഗം വിളിച്ചു ചേർത്തത്.
മേയറുടെ ചേംബറിലേക്ക് പ്രതിപക്ഷ ബിജെപി കൗൺസിലർമാർ കുതിച്ചെത്തിയതോടെ എഎപി കൗൺസിലർമാർ മേയർക്കു ചുറ്റും വലയം തീർത്തു. ഇതോടെ ഇരുകൂട്ടരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
മേയറുടെ കസേര മറിച്ചിടാനും പ്രതിപക്ഷ കൗൺസിലർമാർ ശ്രമിച്ചു. കൗൺസിൽ യോഗത്തിൽ വിഷയത്തിൽ ചർച്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധികാരം സഭയ്ക്കു നൽകുന്നതിനുള്ള നിർദേശം പാസായതായി മേയർ ഷെല്ലി ഒബ്റോയ് പ്രഖ്യാപിച്ചു. ഇതോടെ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ കോർപറേഷൻ യോഗത്തിന് തീരുമാനമെടുക്കാൻ സാധിക്കും.
സ്റ്റാൻഡിങ് കമ്മിറ്റിക്ക് തീരുമാനമെടുക്കാൻ സാധിക്കാത്തതിനാൽ കോർപറേഷനിൽ ഒട്ടേറെ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്ന് എഎപി ചൂണ്ടിക്കാട്ടി. കോർപറേഷൻ യോഗം ചേരുന്നതിൽ ബിജെപിക്കു താൽപര്യമില്ലെന്ന് മേയർ ആരോപിച്ചു.
എന്നാൽ, സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധികാരത്തിൽ കൈകടത്താൻ കൗൺസിൽ യോഗത്തിന് നിയമപരമായി അവകാശമില്ലെന്ന് ബിജെപി നേതാവ് രാജ ഇഖ്ബാൽ സിങ് പറഞ്ഞു.
English Summary:
Delhi: MCD Special session witnesses huge ruckus and sloganeering
Source link