ന്യൂഡൽഹി ∙ രാജ്യതലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമാക്കി ചൊവ്വാഴ്ച രാവിലെയും കനത്ത മൂടൽമഞ്ഞ്. മോശം കാലാവസ്ഥയേത്തുടർന്ന് നിരവധി വിമാനങ്ങളും ട്രെയിൻ സർവീസുകളും ഇന്നും വൈകിയാണ് ഓടുന്നത്. യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല. രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നൂറിലേറെ വിമാന സർവീസുകളാണ് വൈകുന്നത്. ശീതതരംഗം തുടരുന്ന ഡൽഹിയിൽ മുപ്പതോളം ട്രെയിൻ സർവീസുകളും വൈകി.
അതേസമയം വിമാന സർവീസുകൾ നടക്കുന്നുണ്ടെന്നും ലോ–വിസിബിലിറ്റി ലാൻഡിങ് സൗകര്യം ഇല്ലാത്ത വിമാനങ്ങളാണ് വൈകുന്നതെന്നും ഡൽഹി വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. വിമാനങ്ങളുടെ സമയവിവരം കൃത്യമായി അറിയാൻ യാത്രക്കാർ എയർലൈൻ കമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി. വിമാനങ്ങൾ വൈകുന്നതിനും റദ്ദാക്കുന്നതിനുമെതിരെ പരാതികൾ ഉയർന്നതോടെ ഇതുസംബന്ധിച്ച് യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമെന്ന് വിമാനക്കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച മൂടൽമഞ്ഞ് കനത്തതോടെ ഡല്‍ഹിയില്‍ 140 വിമാനങ്ങളാണ് റദ്ദാക്കിയത്. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 168 വിമാനങ്ങൾ വൈകി. ശരാശരി ഒരു മണിക്കൂറാണ് വിമാനങ്ങൾ വൈകുന്നത്. പലപ്പോഴും 10 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വരുന്നതായി യാത്രക്കാർ പ്രതികരിച്ചിരുന്നു. തുടർന്നാണ് ഡിജിസിഎ മാർഗരേഖ പുറത്തിറക്കിയത്.
Source link