വിമാനം 18 മണിക്കൂർ വൈകി: റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാർ; മാപ്പു പറഞ്ഞ് ഇൻഡിഗോ

ന്യൂഡൽഹി∙ ഗോവ-ഡൽഹി ഇൻഡിഗോ വിമാനം 18 മണിക്കൂർ വൈകിയതിനെ തുടർന്ന് റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാർ. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ സംഭവത്തിൽ മാപ്പു പറഞ്ഞ് ഇൻഡിഗോ രംഗത്തെത്തി. ഡൽഹിയിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് മണിക്കൂറുകളോളം വൈകിയ വിമാനം ഒടുവിൽ മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.
ഗോവ-ഡൽഹി 6ഇ2195 വിമാനമാണ് വൈകിയത്. ഞായറാഴ്ച രാവിലെ 9:15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിട്ടായിട്ടും പുറപ്പെട്ടില്ല. തുടർന്ന് യാത്രക്കാർ വിമാനത്തിനു സമീപം റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഒടുവിൽ തിങ്കളാഴ്ച പുലർച്ചെ 05:12 നാണ് വിമാനം മുംബൈയിൽ ലാൻഡ് ചെയ്തത്.
ശിവസേന (ഉദ്ധവ് വിഭാഗം) എംപി പ്രിയങ്ക ചതുർവേദിയും യാത്രക്കാർ റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. ഇന്‍ഡിഗോയെ പരിഹസിച്ച അവർ, ‘അതുല്യമായ ഡൈനിങ് അനുഭവത്തിന് യാത്രക്കാരിൽ നിന്ന് അധിക സേവന നിരക്കുകൾ ഈടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് വിഡിയോയ്ക്കൊപ്പം കുറിച്ചു.
സംഭവത്തിൽ മാപ്പു പറഞ്ഞ ഇൻഡിഗോ, ഇതേക്കുറിച്ച് അന്വേഷിക്കുകയാണെന്ന് വ്യക്തമാക്കി. ‘‘2024 ജനുവരി 14ന് ഗോവയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം 6ഇ2195 യുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് അറിഞ്ഞു. ഡൽഹിയിലെ മൂടൽമഞ്ഞിനെ തുടർന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഞങ്ങളുടെ ഉപയോക്താക്കളോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്’’– ഇന്‍ഡിഗോയുടെ പ്രസ്താവനയിൽ പറയുന്നു.
വിമാനം വൈകുന്നത് സംബന്ധിച്ച അറിയിപ്പ് നൽകുന്നതിനിടെ പൈലറ്റിനെ യാത്രക്കാരൻ മർദിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. സഹിൽ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ മർദിച്ചത്. ഇയാളെ വിമാനത്തിൽ നിന്ന് പുറത്താക്കി അധികൃതർക്ക് കൈമാറിയിരുന്നു.
English Summary:
IndiGo passengers have food next to the plane on the runway after the flight delayed for 18 hours
Source link