അത് സിനിമയല്ല, പരസ്യം; മോഹൻലാലിന്റെ വിഡിയോ പുറത്തുവിട്ട് വി.എ. ശ്രീകുമാർ

‘ഒടിയനു’ ശേഷം മോഹൻലാലുമായി ഒന്നിക്കുന്നുവെന്ന സംവിധായകൻ വി.എ. ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. ഇപ്പോഴിതാ ആ സസ്പെൻസ് വെളിപ്പെടുത്തി സംവിധായകൻ. മോഹൻലാലിനൊപ്പം ഒരു പരസ്യ ചിത്രമാണ് ശ്രീകുമാർ ഒരുക്കുന്നത്. പരസ്യ വിഡിയോയുടെ പ്രമൊ ടീസർ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
സ്റ്റൈലിഷ് ലുക്കിലാണ് മോഹൻലാൽ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബിസ്ക്കറ്റുമായി ബന്ധപ്പെട്ട പരസ്യമാണിതെന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും.
2018ൽ പുറത്തിറങ്ങിയ ഏറ്റവും വലിയ പണംവാരി സിനിമകളിലൊന്നാണ് ഒടിയൻ. വി.എ. ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ നിർവഹിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. ഒടിയൻ മാണിക്യന്റെ കഥയാണ് ചിത്രം പറഞ്ഞത്.
‘നേര്’ ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിെലത്തിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ നൂറു കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ആണ് മോഹൻലാലിന്റെ അടുത്ത ചിത്രം. ജനുവരി 25ന് ചിത്രം തിയറ്ററുകളിലെത്തും.
English Summary:
Mohanlal reunites with Odiyan director VA Shrikumar for an ad shoot
Source link