CINEMA

പന്ന്യന്‍റെ കഥയ്ക്ക് തിരക്കഥയെഴുതി കെ.ജയകുമാർ‌, സംവിധാനം മധുപാൽ; മധു വീണ്ടും ക്യാമറയ്ക്കു മുമ്പില്‍

സംവിധായകൻ മധുപാലിന് വേണ്ടി രാഷ്ട്രീയ തിരക്കുകൾ മാറ്റിവച്ച് സിപിഐ മുന്‍ സംസ്ഥാനസെക്രട്ടറി പന്ന്യൻ രവീന്ദ്രൻ കഥയെഴുതാൻ ഇരുന്നപ്പോൾ ഔദ്യോഗിക ജീവിതത്തിനിടയിൽ സമയം കണ്ടെത്തി മുന്‍ ചീഫ്സെക്രട്ടറി കെ.ജയകുമാർ തിരക്കഥയൊരുക്കി. മൂന്നുപേരും ഒരുമിച്ചതിന് പിന്നിൽ ഒരു കാരണംമാത്രം. അഭിനയം മതിയാക്കിയെന്ന് പറഞ്ഞ് വീട്ടിലിരുന്ന മഹാനടൻ മധുവിനെ ക്യാമറയ്ക്ക് മുന്നിലെത്തിക്കണം. മധു 89ാം ജന്മദിനം ആഘോഷിച്ച 2022 സെപ്റ്റംബറിലാണ് ഈ ദൗത്യവുമായി മധുപാലും പന്ന്യൻ രവീന്ദ്രനും കെ.ജയകുമാറും അദ്ദേഹത്തിന്‍റെ തിരുവനന്തപുരം കുമാരപുരത്തെ വസതിയിൽ സന്ദർശിച്ചത്. 
മധുവിനെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യുന്ന കാര്യം മൂവരും അവതരിപ്പിച്ചു. സ്നേഹനിർ‌ബന്ധങ്ങൾക്കൊടുവിൽ അഭിനയിക്കാനില്ലെന്ന തന്‍റെ കടുത്ത തീരുമാനം മധു പിൻവലിക്കുകയായിരുന്നു.പിന്നീട് ഒന്നരവർഷത്തിനോട് അടുത്ത് കഥയും തിരക്കഥയും ചർച്ച ചെയ്യുന്നതിനായി പന്ന്യനും ജയകുമാറും മധുപാലും പലപ്പോഴായി ഒത്തുകൂടി. ഇതിനിടെ മധു നവതിയും പിന്നിട്ടു. കഴിഞ്ഞദിവസം ചിത്രത്തിന്‍റെ എഴുപത് സീനുളള തിരക്കഥ ജയകുമാർ പൂർത്തിയാക്കി. ഈ മാസം ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ജയകുമാറും പന്ന്യൻ രവീന്ദ്രനും മധുപാലും മനോരമ ഓൺലൈനിനോട് സ്ഥിരീകരിച്ചു. മമ്മൂട്ടി നായകനായ ‘വൺ’ ആയിരുന്നു മധു ഏറ്റവും ഒടുവിൽ അഭിനയിച്ച സിനിമ.

എംഎന്‍ സ്മാരകത്തിലിരുന്ന് കഥയെഴുത്ത്

                 

എഐവൈഎഫിന്‍റെ അൻപത് വർഷം മുമ്പുളള സംസ്ഥാനസമ്മേളന വേദി. കോഴിക്കോടാണ് സമ്മേളനം നടക്കുന്നത്. പ്രസംഗിക്കാനെത്തിയ നടൻ മധുവിനെ കാണാനും ഒന്നു തൊടാനുമായി ജനക്കൂട്ടത്തെ ഇടിച്ചിട്ട് സ്റ്റേജിലേക്ക് നുഴഞ്ഞുകയറിയ പയ്യൻ വർഷങ്ങൾക്ക് ശേഷം മധു നായകനാകുന്ന സിനിമയ്ക്ക് കഥയെഴുതിയിരിക്കുന്നു. തന്‍റെ ആദ്യ കഥയെഴുത്തിനെപ്പറ്റി പന്ന്യൻ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. കാനം രാജേന്ദ്രനും കെഇ ഇസ്മായിൽ പക്ഷവും കൊമ്പുകോർ‌ത്ത സിപിഐയുടെ തിരുവനന്തപുരം സംസ്ഥാനസമ്മേളനത്തിന് തൊട്ടുമുമ്പായാണ് സിനിമയുടെ കഥയെഴുതി പന്ന്യൻ രവീന്ദ്രൻ മധുപാലിന് കൈമാറിയത്. പ്രായപരിധി കണക്കിലെടുത്ത് സിപിഐയുടെ 
ദേശീയ – സംസ്ഥാന നേതൃസമിതികളിൽ നിന്നും പന്ന്യൻ ഒഴിവാക്കപ്പെട്ടത്  ഈ സമ്മേളന കാലയളവിലാണെങ്കിലും അതൊന്നും അദ്ദേഹത്തെ കുലുക്കിയില്ല. പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ ഇരുന്നായിരുന്നു എഴുത്ത്. കഥയെഴുതുന്നുവെന്ന് അറിഞ്ഞ് ധാരാളം സിനിമാക്കാർ തന്നെ സമീപിച്ചുവെന്ന് പന്ന്യൻ പറയുന്നു. മധു സാറിനോടുളള ആരാധാന കൊണ്ടാണ് സിനിമയ്ക്ക് കഥയെഴുതിയത്. ഈ പരിപാടി തുടരാനൊന്നും ആലോചിച്ചിട്ടില്ല. സിനിമയോടുളള ആവേശം കുട്ടിക്കാലം മുതലുണ്ട്. ഐഎഫ്എഫ്കെയൊക്കെ വന്നാൽ ചിത്രങ്ങളെല്ലാം കാണും. കവി അയ്യപ്പനും ടി.ദാമോദരനുമൊക്കെയായിരുന്നു കൂട്ടെന്നും പന്ന്യൻ പറഞ്ഞു.

മധു സാറിന്‍റെ നിർബന്ധം
കഴിഞ്ഞ ദിവസമാണ് എഴുപത് സീനുകൾ എഴുതി പൂർത്തിയാക്കിയതെന്ന് തിരക്കഥാകൃത്തായ കെ.ജയകുമാർ പറയുന്നു. ഞാൻ തന്നെ തിരക്കഥയെഴുതണമെന്ന് മധു സാറിന്‍റെ നിർബന്ധമായിരുന്നു. ആദ്യം സിനിമയുടെ ഗാനരചന നിർ‌വഹിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് തിരക്കഥയെഴുതാനുളള ഭാഗ്യം കൂടി ലഭിച്ചു. അച്ഛന്‍ സംവിധായകനായിരുന്ന കാലം മുതൽക്കെ എനിക്ക് മധു സാറിനെ അറിയാം. ഞങ്ങളുടെയൊക്കെ സൂപ്പർസ്റ്റാർ അദ്ദേഹമായിരുന്നു. പന്ന്യൻ ഒരു നിർമ്മാതാവിനെ സംഘടിപ്പിച്ചിട്ടുണ്ട്. പണം മുടക്കാൻ ആരെങ്കിലും വേണമല്ലോ…രണ്ട് ദിവസത്തിനകം നിർമാതാവുമായുളള ചർച്ച പൂർത്തിയാക്കും. ശുഭവാർത്തയുടെ ഓദ്യോഗിക പ്രഖ്യാപനത്തിനായി കുറച്ചുദിവസം കൂടി കാത്തിരിക്കാമെന്നും ജയകുമാർ പറഞ്ഞു.

തിരക്കഥ വായിക്കട്ടെ
              

ഈ മാസം 25നകം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും മറ്റ് വിവരങ്ങളൊന്നും പുറത്തുവിടാറായിട്ടില്ലെന്നും സംവിധായകൻ മധുപാൽ പറഞ്ഞു. ടീമിൽ പൂർണവിശ്വാസമുണ്ടെന്നും അവരായത് കൊണ്ടാണ് വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചതെന്നും മധു പറഞ്ഞു. ജയകുമാറിന്‍റെ തിരക്കഥ വായിച്ചശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്‍റെ സംഗീത സംവിധാനം ശരത്തായിരിക്കുമെന്നാണ് സൂചന. മറ്റു കഥാപാത്രങ്ങളുടെ കാര്യങ്ങളിൽ അന്തിമചർച്ച പുരോഗമിക്കുകയാണ്. 
സ്വാതന്ത്ര്യസമരസേനാനിയുടെ കഥ

                      
ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സ്വാതന്ത്ര്യസമരസേനാനിയുടെ വേഷമാണ് മധുവിന്. സ്വാതന്ത്ര്യത്തിനു ശേഷം സർക്കാർ പദവികൾ വാഗ്ദാനം ചെയ്തെങ്കിലും നിരസിച്ച ആദർശധീരൻ. എന്നാൽ തന്‍റെ ആദർശങ്ങളിലൊന്നും വിശ്വാസമില്ലാത്ത മക്കൾ‌. ഇതാണ് ചിത്രത്തിന്‍റെ പ്രമേയം.

English Summary:
Veteran Actor Madhu Return To Acting


Source link

Related Articles

Back to top button