ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് ബഹുജൻ സമാജ്‍വാദി പാർട്ടി അധ്യക്ഷ മായാവതി വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു മുൻപു ധാരണകളുണ്ടാകില്ലെന്നും തനിച്ചു മത്സരിക്കുമെന്നാണ് മായാവതി വ്യക്തമാക്കിയത്. അതേസമയം, തിരഞ്ഞെടുപ്പിനു ശേഷം സഖ്യസാധ്യതകൾ നിലനിർത്തുകയും ചെയ്തു.
സഖ്യത്തിൽ മത്സരിച്ചപ്പോഴൊക്കെ ബിഎസ്പിക്ക് നഷ്ടമായിരുന്നുവെന്നു മായാവതി പറഞ്ഞു. ‘ഈ കാരണം കൊണ്ടു തന്നെ മിക്കവാറും പാർട്ടികൾക്ക് ബിഎസ്പിയുമായി ധാരണയുണ്ടാക്കണമെന്ന ആഗ്രഹമുണ്ട്. സാധ്യമെങ്കിൽ തിരഞ്ഞെടുപ്പിനു ശേഷം സഖ്യം ആലോചിക്കാം.’– മായാവതി പറഞ്ഞു. അതേസമയം, ബിഎസ്പി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകുന്നതിനോട് സമാജ്‍വാദി പാർട്ടിക്ക് യോജിപ്പുണ്ടായിരുന്നില്ല. 2019 ലെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യത്തിലായിരുന്നു. 2019 ൽ 19.26% വോട്ടോടെ ബിഎസ്പി 10 സീറ്റും എസ്പി 17.96% വോട്ടോടെ 5 സീറ്റും നേടിയിരുന്നു.
മായാവതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ച കോൺഗ്രസ്, ഇന്നത്തെ സാഹചര്യത്തിൽ ബിജെപിക്കെതിരായ മുഴുവൻ വോട്ടുകളും ഒന്നിച്ചുനിൽക്കേണ്ടത് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി.
English Summary:
No alliance with India front now; will think after the Loksabha Elections 2024: BSP
Source link