മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ രണ്ട് പ്രമുഖർ പുറത്ത്. മുൻ ലോക ഒന്നാം നന്പറും നാല് ഗ്രാൻസ്ലാം ജേതാവുമായ ജപ്പാന്റെ നവോമി ഒസാക്കയും യുഎസ് ഓപ്പണ്‍ മുൻ ചാന്പ്യൻ ഡൊമിനിക് തീമും ആദ്യ റൗണ്ടിൽ പുറത്തായി. വനിതാ സിംഗിൾസിൽ 16-ാം സീഡായ ഫ്രാൻസിന്റെ കരോളിൻ ഗാർസ്യയോട് 6-4, 7-6 (7-2)നാണ് ഒസാക്ക പരാജയപ്പെട്ടത്. പുരുഷ സിംഗിൾസിൽ 27-ാം സീഡായ കാനഡയുടെ ഫെലിക്സ് ഓഗർ അലിയാസിമിനോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഓസ്ട്രിയൻ താരമായ ഡൊമിനിക് തീമിന്റെ തോൽവി. സ്കോർ: 6-3, 7-5, 6-7 (5-7), 5-7, 6-3. പുരുഷ സിംഗിൾസിൽ ഏഴാം സീഡായ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, 15-ാം സീഡ് റഷ്യയുടെ കാരെൻ ഖച്ചനോവ്, അഞ്ചാം സീഡ് പോളണ്ടിന്റെ ഹ്യൂബർട്ട് ഹർകാക്സ് തുടങ്ങിയവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
വനിതാ സിംഗിൾസിൽ 10-ാം സീഡായ ബ്രസീലിന്റെ ബ്രിയാട്രിസ് ഹദ്ദാദ് മയ, ആറാം സീഡായ ടുണീഷ്യയുടെ ഒണ്‍സ് ജബേർ, നാലാം സീഡായ അമേരിക്കയുടെ കൊക്കൊ ഗഫ്, 19-ാം സീഡ് യുക്രെയ്നിന്റെ എലീന സ്വിറ്റോലിന തുടങ്ങിയവർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 24-ാം സീഡായ യുക്രെയ്നിന്റെ അൻഹെലിന കലിനീനയെ നെതർലൻഡ്സിന്റെ അരാന്ത്ക്സ റസ് അട്ടിമറിച്ചു. സ്കോർ: 6-1, 6-0. ഏഴാം സീഡായ ചെക് താരം മാർക്കെറ്റ വോൻഡ്രോസോവയും ആദ്യ റൗണ്ടിൽ പുറത്തായി. യുക്രെയ്നിന്റെ ഡയാന യാസ്ട്രെംസ്കയാണ് 6-1, 6-2ന് വോൻഡ്രോവോവയെ അട്ടിമറിച്ചത്.
Source link