ടെഹ്റാൻ: ഇപ്രാവശ്യത്തെ സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് ഇറേനിയൻ കോടതി 15 മാസംകൂടി തടവുശിക്ഷ വിധിച്ചു. രാജ്യത്തിനെതിരേ പ്രചാരണം നടത്തിയെന്ന കുറ്റത്തിനു ഡിസംബർ 19നാണു ശിക്ഷ വിധിച്ചതെന്നു നർഗീസിന്റെ കുടുംബം അറിയിച്ചു. വനിതാ അവകാശപ്രവർത്തകയായ നർഗീസ് നിലവിൽ ഇതേ കുറ്റത്തിനടക്കം 30 മാസത്തെ ശിക്ഷ അനുഭവിച്ചുവരികയാണ്. പുതിയ ശിക്ഷ പ്രകാരം ജയിൽമോചിതയായി രണ്ടു വർഷത്തേക്കു രാജ്യം വിടുന്നതിനു വിലക്കുണ്ടാകും. ഇക്കാലയളവിൽ രാഷ്ട്രീയ, സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കാൻ പാടില്ല. തലസ്ഥാനമായ ടെഹ്റാനിലും നർഗീസിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മാധ്യമപ്രവർത്തകർക്കു ജാമ്യം ടെഹ്റാൻ: ഇറാനിലൂടനീളം പ്രക്ഷോഭത്തിനിടയാക്കിയ മഹ്സ അമിനിയുടെ മരണം റിപ്പോർട്ട് ചെയ്തതിന് അറസ്റ്റിലായ നീലോഫർ ഹമേദി (31), എലീഹാ മൊഹമ്മദി (36) എന്നീ വനിതാ മാധ്യമപ്രവർത്തകർക്കു കോടതി ഒരു വർഷത്തിനുശേഷം ജാമ്യം അനുവദിച്ചു. 13ഉം 12ഉം വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇവരുടെ ജാമ്യഹർജിയിലാണു വിധി.
Source link