ശിവസേന: സ്പീക്കറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഉദ്ധവ് വിഭാഗം
ന്യൂഡൽഹി∙ ശിവസേനയിലെ അയോഗ്യതാത്തർക്കത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻെഡ പക്ഷത്തിന് അനുകൂലമായി തീരുമാനമെടുത്ത സ്പീക്കർ രാഹുൽ നർവേക്കറുടെ വിധിയെ ചോദ്യം ചെയ്ത് ശിവസേന ഉദ്ധവ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കോടതിയിൽ ഹർജി നൽകിയത്. ശിവസേനയെ പിളർത്തി കൂറുമാറിയ ഷിൻഡെ വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തെ തള്ളിയതിനെയും ചോദ്യം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെയുടെ വാദം തള്ളിയ സ്പീക്കർ രാഹുൽ നർവേക്കർ, പാർട്ടി വിട്ടവരുടേതാണ് ‘യഥാർഥ ശിവസേന’യെന്നു വ്യക്തമാക്കിയത്. ഷിൻഡെയെ കക്ഷി നേതൃപദവിയിൽനിന്നു നീക്കാൻ ഉദ്ധവ് താക്കറെയ്ക്ക് അധികാരമില്ലെന്നും ബിജെപി എംഎൽഎ കൂടിയായ സ്പീക്കർ വിധിച്ചിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് പക്ഷം നേരത്തേ അറിയിച്ചിരുന്നു.
2022 ജൂൺ 21ന് ശിവസേനയിൽ വിമതവിഭാഗം ഉടലെടുത്തതോടെ കൂടുതൽ എംഎൽഎമാർ ഒപ്പമുള്ള ഷിൻഡെ പക്ഷം യഥാർഥ ശിവസേനയായെന്നു സ്പീക്കർ വിലയിരുത്തി. പാർട്ടി വിപ്പിനെ മാറ്റി തങ്ങളുടെയാളെ ഷിൻഡെ പക്ഷം നിയോഗിച്ചതും സ്പീക്കർ അംഗീകരിച്ചു. ഷിൻഡെയടക്കം, ആദ്യഘട്ടത്തിൽ കൂറുമാറിയ 16 വിമതരെ അയോഗ്യരാക്കാൻ മതിയായ കാരണം കണ്ടെത്താനായില്ലെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി. ഉദ്ധവ് പക്ഷത്തിന്റെ അയോഗ്യത ആവശ്യപ്പെട്ടു ഷിൻഡെ വിഭാഗം സമർപ്പിച്ച അപേക്ഷയും ഇതേ കാരണത്താൽ തള്ളിയിരുന്നു.
Source link