കേസ് തോറ്റു; ന്യൂയോര്‍ക്ക് ടൈംസിന് നാലുലക്ഷം ഡോളര്‍ നല്‍കാന്‍ ഡൊണാള്‍ഡ് ട്രംപിനോട് ഉത്തരവിട്ട് കോടതി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പത്രമായ ദി ന്യൂയോര്‍ക്ക് ടൈംസിന് നാല് ലക്ഷം ഡോളറോളം (ഇന്നത്തെ നിരക്ക് അനുസരിച്ച് 33 കോടിയോളം ഇന്ത്യന്‍ രൂപ) നല്‍കണമെന്ന് മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉത്തരവിട്ട് കോടതി. ന്യൂയോര്‍ക്ക് കൗണ്ടി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് റോബര്‍ട്ട് ജെ. റീഡ് ആണ് കോടതി ചെലവായി ഇത്രയും തുക നല്‍കാന്‍ ഉത്തരവിട്ടത്. ന്യൂയോര്‍ക്ക് ടൈംസിനെതിരെ ട്രംപ് നല്‍കിയ കേസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ ഉത്തരവ്. അഭിഭാഷകര്‍ക്കുള്ള ഫീസ്, നിയമപരമായ മറ്റുചെലവുകള്‍ എന്നിവയ്ക്കായി ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തകരായ സൂസന്‍ ക്രെയിഗ്, റസല്‍ ബട്ട്‌നെര്‍ എന്നിവര്‍ക്ക് 229,931 ഡോളര്‍, മറ്റൊരു മാധ്യമപ്രവര്‍ത്തകനായ ഡേവിഡ് ബര്‍സ്റ്റോവിന് 162,717 ഡോളര്‍ എന്നിവ ഉള്‍പ്പെടെ 393,000 ഡോളര്‍ ട്രംപ് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. തുക വളരെ കൂടുതലും യുക്തിക്ക് നിരക്കുന്നതല്ലെന്നും ട്രംപിന്റെ അഭിഭാഷകര്‍ വാദിച്ചെങ്കിലും അത് കോടതി മുഖവിലയ്‌ക്കെടുത്തില്ല.
Source link