നാലാം ദിവസം 25 കോടി വാരി ‘ഓസ്‌ലർ’; ജയറാമിന്റെ എക്കാലത്തെയും വലിയ ഹിറ്റിലേക്ക്

ജയറാം നായകനായെത്തിയ എബ്രഹാം ഓസ്‌ലർ ബോക്സ്ഓഫിസിൽ കുതിക്കുന്നു. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ചിത്രം വാരിയത് 25 കോടി രൂപയാണ്. സിനിമയുടെ ആഗോള ഗ്രോസ് കലക്‌ഷനാണിത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ചിത്രത്തിനു ലഭിച്ചത്. തിങ്കളാഴ്ച അഞ്ച് ജില്ലകൾക്കു സ്കൂൾ അവധി പ്രഖ്യാപിച്ചതും സിനിമയ്ക്കു ഗുണമേകി.
ജയറാം നായകനായെത്തിയ ഇതുവരെയുള്ള സിനിമയുടെ സകല റെക്കോർഡും ഓസ്‌ലർ തൂത്തുവാരിയേക്കും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രം ഓസ്‌ലറിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെഅതിഗംഭീര വരവേൽപാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്‌ലറിൽ പ്രേക്ഷകർക്കു കാണാനാകുക.
ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ട പൊലീസ് ഓഫിസറായ ഓസ്‌ലറിനു മുന്നിൽ ഒരു സീരിയല്‍ കില്ലർ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുള്ള കുറ്റാന്വേഷണവുമാണ് പ്രമേയം.
കഥയിലെ നിർണായക കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ ഇൻട്രൊ കാണികളെ ആവേശത്തിലാക്കും. അലക്സാണ്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയുടെ സാന്നിധ്യവും സിനിമയുടെ കലക്‌ഷൻ ഉയരാൻ കാരണമായി.
ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. ട്രെയിലറിൽ പ്രത്യക്ഷപ്പെടാത്ത ഒട്ടനവധി താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയയാണ് പ്രദർശനത്തിനെത്തിക്കുന്നത്.
English Summary:
Abraham Ozler Collection Report
Source link