അനാവശ്യ ഉപദേശങ്ങളില്ല, അനുഭവങ്ങളുടെ വീമ്പിളക്കമില്ല: മോഹൻലാലിനെക്കുറിച്ച് ഹരീഷ് പേരടി

മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവച്ച് നടൻ ഹരീഷ് പേരടി. അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളായിരുന്നു മോഹൻലാലിനൊപ്പമുള്ള ഓരോ ദിവസങ്ങളെന്നും മ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അദ്ദേഹമെന്നും ഹരീഷ് പേരടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘‘കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നിൽക്കുന്ന നിമിഷങ്ങൾ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്. മനോഹര മുഹൂർത്തങ്ങളാണ്. അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും. അനാവശ്യ ഉപദേശങ്ങളില്ല, അനുഭവങ്ങളുടെ വീമ്പിളക്കമില്ല. ഇങ്ങനെ പോയാൽ അങ്ങനെയെത്തും എന്ന കൃത്രിമമായ മാർഗനിർദേശങ്ങളില്ല.
ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല. പകരം എന്നെക്കാൾ വലിയവർ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് നമ്മളിൽ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും. പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാൾമാറും.
നമ്മളിൽ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മൾ അറിയും. നമ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ എന്ന്. മോഹൻലാൽ സർ…പ്രിയപ്പെട്ട ലാലേട്ടൻ.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.
English Summary:
Hareesh Peradi about Mohanlal
Source link