അയോധ്യയിൽ ഭൂമി സ്വന്തമാക്കി അമിതാഭ് ബച്ചൻ; വാങ്ങിയത് 14.5 കോടി രൂപയ്ക്കെന്ന് റിപ്പോർട്ട്


മുംബൈ∙ അയോധ്യയിൽ ഭൂമി സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. സെവൻ സ്റ്റാർ എൻക്ലേവിൽ സ്ഥലം വാങ്ങിയതായാണ് റിപ്പോർട്ട് പുറത്തു വന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗസ് ഓഫ് അഭിനന്ദൻ ലോധയിൽ (എച്ച്ഒഎബിഎൽ) നിന്നാണ് ബച്ചൻ സ്ഥലം വാങ്ങിയത്. 14.5 കോടി രൂപയ്ക്ക് 10,000 ചതുരശ്ര അടി സ്ഥലമാണ് വാങ്ങിയതെന്നാണ് റിപ്പോർട്ട്. എന്നാൽ കൃത്യമായ വിവരം പുറത്തുവിടാൻ കമ്പനി തയാറായിട്ടില്ല.
അയോധ്യയ്ക്ക് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. അയോധ്യയിലെ ആത്മീയതയും സംസ്കാര സമ്പന്നതയും അതിർത്തികൾക്കപ്പുറം വൈകാരികമായ ബന്ധം സൃഷ്ടിക്കുന്നു. ആഗോള ആത്മീയ കേന്ദ്രത്തിൽ ഒരു വീട് നിർമിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ബച്ചൻ പറഞ്ഞു. അയോധ്യയിൽ നിന്നും നാല് മണിക്കൂർ ദൂരമുള്ള പ്രയാഗ്‌രാജ് ആണ് അമിതാഭ് ബച്ചന്റെ ജന്മസ്ഥലം. 

51 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന എച്ച്ഒഎബിഎല്ലിന്റെ സരയു പദ്ധതി അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22നാണ് ഉദ്ഘാടനം ചെയ്യുന്നത്. ക്ഷേത്രത്തിൽ നിന്നും 15 മിനിറ്റും വിമാനത്താവളത്തിൽ നിന്ന് അരമണിക്കൂറുമാണ് ഈ സ്ഥലത്തേക്ക് ദൂരം. 2028 മാർച്ചിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് കമ്പനി അറിയിച്ചത്. പഞ്ചനക്ഷത്ര ഹോട്ടൽ ഉൾപ്പെടെയാണ് നിർമിക്കുന്നത്. 


Source link
Exit mobile version