ഇന്ത്യൻ സൈനികരെ പിൻവലിക്കണം: മാലദ്വീപ്

മാലെ: മാലദ്വീപിലെ ഇന്ത്യൻ സൈനികരെ മാർച്ച് 15നകം പിൻവലിക്കണമെന്നു പ്രസിഡന്റ് മുഹമ്മദ് മുയിസു ഔദ്യോഗികമായി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഓഫീസിലെ പബ്ലിക് പോളിസി സെക്രട്ടറി അബ്ദുള്ള നസീം ഇബ്രാഹിം ഇക്കാര്യം പത്രസമ്മേളനത്തിൽ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സൈനികർക്കു മാലദ്വീപിൽ തുടരാനാവില്ല. ഇതു പ്രസിഡന്റിന്റെ നയമാണ്. സൈനികരെ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്യുന്നതിന് ഇന്ത്യയും മാലദ്വീപും രൂപീകരിച്ച ഉന്നതതല സമിതിയുടെ ആദ്യ യോഗം ഇന്നലെ രാവിലെ ചേർന്നു. ഇന്ത്യൻ സൈനികരെ മാർച്ച് 15നകം പിൻവലിക്കണമെന്ന പ്രസിഡന്റിന്റെ അഭ്യർഥനയായിരുന്നു യോഗത്തിലെ അജൻഡയെന്നു സെക്രട്ടറി കൂട്ടിച്ചേർത്തു. ചൈനാ അനുകൂലിയായ മുഹമ്മദ് മുയിസു നവംബറിൽ അധികാരമേറ്റതിനു പിന്നാലെ ഇന്ത്യൻ സൈനികരോടു മടങ്ങണമെന്നാവശ്യപ്പെട്ടിരുന്നു. ഇപ്പോൾ 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്. കടൽ സുരക്ഷക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിൽ തുടരുന്നത്. ദ്വീപ് രാജ്യം ചൈനയോടു കൂടുതൽ അടുക്കുന്നതായി നേരത്തെ തന്നെ ആരോപണങ്ങളുണ്ട്. ചൈന സന്ദർശിച്ച മാലദ്വീപ് പ്രസിഡന്റ്് 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചിരുന്നു. കരാറുകളിൽ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാനും ധാരണയിലെത്തിയിരുന്നു. ചൈനാ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ മുയിസു ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യയെ പേരെടുത്തു പറയാതെ വിമർശിക്കുകയും ഇന്ത്യയോടുള്ള ആശ്രിതത്വം കുറയ്ക്കുമെന്നു പ്രഖ്യാപിക്കുകയുമുണ്ടായി.
ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് മൂന്നു മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശം വിവാദമായിരുന്നു. ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെ മൂന്നു മന്ത്രിമാരെയും സസ്പെൻഡ് ചെയ്തു. ഇതിന്റെ അലയൊലികൾ കെട്ടടങ്ങുന്നതിനു മുന്പാണ് സൈന്യത്തെ പിൻവലിക്കണമെന്ന് മാലദ്വീപ് ആവശ്യപ്പെട്ടിരിക്കുന്നത്. മാലെ മേയർ ഇന്ത്യാ അനുകൂല പാർട്ടിക്കാരൻ മാലെ: മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ മേയറായി ഇന്ത്യാ അനുകൂല എംഡിപി പാർട്ടി സ്ഥാനാർഥി ആദം അസീം തെരഞ്ഞെടുക്കപ്പെട്ടു. മാലദ്വീപിലെ ചൈനാ അനുകൂല പ്രസിഡന്റ് മുഹമ്മദ് മുയിസുവായിരുന്നു മുൻ മേയർ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി അദ്ദേഹം രാജിവച്ച സാഹചര്യത്തിലാണു പുതിയ മേയറെ കണ്ടെത്തേണ്ടിവന്നത്. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ആദം അസീമിന് 45 ശതമാനം വോട്ടും മുയിസുവിന്റെ സ്ഥാനാർഥി അസീമ ഷുക്കൂറിന് 29 ശതമാനം വോട്ടുകളുമാണു ലഭിച്ചത്. പരസ്പര സഹകരണത്തിനുള്ള വിശാല ചർച്ച നടക്കുന്നു ന്യൂഡൽഹി: മാലദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചർച്ച നടക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ഉന്നതതല യോഗം ഇന്ത്യയിൽ നടക്കും. തീയതി പിന്നീട് തീരുമാനിക്കും. ഇന്ത്യൻ വ്യോമസേന മാലദ്വീപിലെ ജനങ്ങൾക്കായി ചെയ്തുവരുന്ന മാനുഷിക, മെഡിക്കൽ സേവനങ്ങൾ തുടരാൻ ആവശ്യമായതു ചെയ്യും-വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Source link