സെമി ടിക്കറ്റിന് ബ്ലാസ്റ്റേഴ്സ്
ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോളിൽ രണ്ടാം ജയത്തോടെ സെമി ഫൈനൽ ഉറപ്പിക്കാനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് കളത്തിൽ. ഗ്രൂപ്പ് ബിയിൽ ജംഷഡ്പുർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സൂപ്പർ കപ്പിൽ ഇതുവരെ സെമിയിൽ പ്രവേശിക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കാനാണ് ഇവാൻ വുകോമനോവിച്ചിന്റെ കുട്ടികൾ ഇറങ്ങുന്നത്. ഗ്രൂപ്പിലെ ആദ്യറൗണ്ട് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് 3-1ന് ഷില്ലോംഗ് ലാജോംഗിനെയും ജംഷഡ്പുർ 2-1ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും കീഴടക്കിയിരുന്നു. ഗ്രൂപ്പ് ചാന്പ്യന്മാരാണ് സെമിയിലേക്ക് മുന്നേറുക. രാത്രി 7.30നാണ് ബ്ലാസ്റ്റേഴ്സ് x ജംഷഡ്പുർ പോരാട്ടം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഷില്ലോംഗ് ലാജോംഗും ഏറ്റുമുട്ടും.
ബഗാനു രണ്ടാം ജയം ഗ്രൂപ്പ് എയിൽ കോൽക്കത്തൻ വന്പന്മാരായ മോഹൻ ബഗാൻ രണ്ടാം ജയം സ്വന്തമാക്കി. 2-1ന് ഹൈദരാബാദ് എഫ്സിയെയാണ് ബഗാൻ കീഴടക്കിയത്. ഇഞ്ചുറി ടൈമിൽ ദിമിത്രിയോസ് പെട്രാറ്റോസിന്റെ (90+2’) ഗോളാണ് ബഗാനു ജയം സമ്മാനിച്ചത്. ഏഴാം മിനിറ്റിൽ പിന്നിലായ ബഗാൻ 88-ാം മിനിറ്റിലെ സെൽഫ് ഗോളിലാണ് ഒപ്പമെത്തിയത്. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ബഗാൻ 2-1ന് ശ്രീനിധി ഡെക്കാനെ കീഴടക്കിയിരുന്നു.
Source link