ജോക്കോ വിയർത്തു!
മെൽബണ്‍: 2024 സീസണ് ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റിന് ഓസ്ട്രേലിയൻ ഓപ്പണോടെ ആഘോഷത്തുടക്കം. പുരുഷ സിംഗിൾസിൽ ഒന്നാം സീഡും നിലവിലെ ചാന്പ്യനുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ക്രൊയേഷ്യൻ കൗമാരതാരമായ ഡിനൊ പ്രിസ്മിക്കിന്റെ പോരാട്ടച്ചൂടിൽ വിയർക്കുന്നതിനാണ് ആദ്യദിനം സാക്ഷ്യംവഹിച്ചത്. പതിനെട്ടുകാരനായ പ്രിസ്മിക് നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് തോൽവി സമ്മതിച്ചത്. സ്കോർ: 6-2, 6-7 (5-7), 6-3, 6-4. കൗമാര താരത്തെ പ്രത്യേകം അഭിനന്ദിക്കുകയും കാണികളോട് കരഘോഷം മുഴക്കാൻ ആംഗ്യത്തിലൂടെ ജോക്കോവിച്ച് ആവശ്യപ്പെടുകയും ചെയ്തെന്നതും ശ്രദ്ധേയം. ലോക ഒന്നാം നന്പറിനെതിരേ ഗ്രാൻസ്ലാമിൽ ഒരു സെറ്റ് ജയിക്കുന്ന മൂന്നാമത് ക്രൊയേഷ്യൻ താരമാണ് പ്രിസ്മിക്. ജോക്കോ @ 90 മെൽബണ്‍ പാർക്കിൽ ജോക്കോവിച്ചിന്റെ തുടർച്ചയായ 29-ാം ജയമാണ് ഇന്നലെ കണ്ടത്. ഓസ്ട്രേലിയൻ ഓപ്പണിൽ താരത്തിന്റെ 90-ാം ജയവും. റോജർ ഫെഡററിനുശേഷം (102) മെൽബണിൽ 90+ ജയമുള്ള രണ്ടാമത് മാത്രം കളിക്കാരനാണ് ജോക്കോവിച്ച്. ഓപ്പണ്‍ കാലഘട്ടത്തിൽ മൂന്ന് ഗ്രാൻസ്ലാം വേദിയിൽ 90+ ജയമുള്ള ഏക കളിക്കാരൻ എന്ന നേട്ടവും സെർബിയൻ താരം സ്വന്തമാക്കി. 25-ാം ഗ്രാൻസ്ലാം എന്ന സ്വപ്ന നേട്ടമാണ് ജോക്കോവിച്ച് ഇത്തവണ ഓസ്ട്രേലിയയിൽ ലക്ഷ്യംവയ്ക്കുന്നത്. പുരുഷ സിംഗിൾസിൽ നാലാം സീഡായ ഇറ്റലിയുടെ യാനിക് സിന്നർ 6-4, 7-5, 6-3ന് ഡച്ച് താരം ബോട്ടിക് വാൻ ഡി സാൻഡ്സ്ചൽപ്പിനെ കീഴടക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അഞ്ചാം സീഡായ റഷ്യയുടെ ആന്ദ്രെ റുബ്ലെവ്, 12-ാം സീഡായ അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സ്, ഫ്രാൻസെസ് തിയാഫൊ തുടങ്ങിയവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അർജന്റീനയുടെ ഫാകുണ്ടോ ഡയസ് അക്കോസ്റ്റയെയാണ് ഫ്രിറ്റ്സ് കീഴടക്കിയത്, 4-6, 6-3, 3-6, 6-2, 6-4.
‘കുട്ടികൾ ഉറങ്ങിക്കാണും’ 2018ൽ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കിയ ഡെന്മാർക്ക് താരം കരോളിൻ വോസ്നിയാകിയുടെ ഓസ്ട്രേലിയൻ ഓപ്പണിലേക്കുള്ള തിരിച്ചുവരവ് ദിനമായിരുന്നു ഇന്നലെ. പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെ മറികടന്ന് രണ്ടാം റൗണ്ടിൽ എത്തിയതിന്റെ ആഹ്ലാദം വോസ്നിയാകി പങ്കുവച്ചു. കുട്ടികൾ ഇപ്പോൾ ഉറങ്ങിക്കാണും എന്നായിരുന്നു പ്രാദേശിക സമയം രാത്രിയിൽ നടന്ന മത്സരശേഷം വോസ്നിയാകി പറഞ്ഞത്. 6-2, 2-0ന് ഡാനിഷ് താരം മുന്നിട്ടുനിൽക്കുന്പോൾ ലിനെറ്റ് പരിക്കേറ്റ് മത്സരം ഉപേക്ഷിച്ചു. വനിതാ സിംഗിൾസ് രണ്ടാം സീഡായ ബെലാറൂസിന്റെ അരിന സബലെങ്ക ജർമനിയുടെ എല്ല സീഡലിനെ കീഴടക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി, 6-0, 6-1. എട്ടാം സീഡായ ഗ്രീസിന്റെ മരിയ സക്കാരി 6-4, 6-1ന് ജാപ്പനീസ് താരം നാവോ ഹിബിനോയെ മറികടന്ന് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
Source link