ഇൻഡോർ: രോഹിത് ശർമ ഗോൾഡൻ ഡെക്ക്, വിരാട് കോഹ്ലി 16 പന്തിൽ 29… ഈ സൂപ്പർ താരങ്ങളെ വീഴ്ത്തിയെങ്കിലും ഇന്ത്യയുടെ ജയത്തിനുമേൽ കരിനിഴൽ വീഴ്ത്താൻ അഫ്ഗാനിസ്ഥാനു സാധിച്ചില്ല. രണ്ടാം ട്വന്റി-20യിലും ആധികാരിക ജയത്തിലൂടെ അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര പരന്പര ഇന്ത്യ 2-0ന് ഉറപ്പാക്കി. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ആദ്യമത്സരത്തിൽ ഇല്ലാതിരുന്ന യശസ്വി ജയ്സ്വാളും ആദ്യ പോരാട്ടത്തിലെ പ്ലെയർ ഓഫ് ദ മാച്ചായിരുന്ന ശിവം ദുബെയും ചേർന്ന് ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചു. 34 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും അടക്കം യശസ്വി ജയ്സ്വാൾ 68 റണ്‍സ് നേടി. ജയ്സ്വാൾ-ദുബെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 42 പന്തിൽ 92 റണ്‍സ് അടിച്ചെടുത്തു. ജയ്സ്വാൾ പുറത്തായതിനു പിന്നാലെയെത്തിയ ജിതേഷ് ശർമയും പൂജ്യത്തിനു പുറത്തായി. തുടർന്ന് റിങ്കു സിംഗിനെ (9*) കൂട്ടുപിടിച്ച് ദുബെ ഇന്ത്യയെ ജയത്തിലെത്തിച്ചു. 32 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം 63 റണ്‍സുമായി ദുബെ പുറത്താകാതെ നിന്നു. നേരത്തേ മൂന്ന് ഓവറിൽ 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും ദുബെ സ്വന്തമാക്കി. ഗുൽബാദിൻ ഫിഫ്റ്റി 35 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം 57 റണ്‍സ് നേടിയ ഗുൽബാദിൻ നൈബിന്റെ ഇന്നിംഗ്സാണ് അഫ്ഗാനിസ്ഥാനെ 172ൽ എത്തിച്ചത്. രാജ്യാന്തര ട്വന്റി-20യിൽ ഗുൽബാദിനിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. ഇന്ത്യക്കെതിരേ ട്വന്റി-20യിൽ അർധസെഞ്ചുറി നേടുന്ന മൂന്നാമത് മാത്രം അഫ്ഗാൻ ബാറ്ററാണ് ഗുൽബാദിൻ. ഇബ്രാഹിം സദ്രൻ, നൂർ അലി സദ്രാൻ എന്നിവർമാത്രമാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവർ.
അക്സർ @ 200 ട്വന്റി-20 ക്രിക്കറ്റ് കരിയരിൽ 200 വിക്കറ്റ് എന്ന നേട്ടത്തിൽ ഇന്ത്യയുടെ അക്സർ പട്ടേൽ. നാല് ഓവറിൽ 17 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഈ നേട്ടത്തിൽ എത്തിയത്. അക്സർ പട്ടേലാണ് പ്ലെയർ ഓഫ് ദ മാച്ച്. രാജ്യാന്തര ട്വന്റി-20യിൽ 49 വിക്കറ്റാണ് അക്സർ പട്ടേലിനുള്ളത്. ഈ ഫോർമാറ്റിൽ 2000+ റണ്‍സും 200+ വിക്കറ്റുമുള്ള ഇന്ത്യൻ ഓൾറൗണ്ടർമാരാണ് രവീന്ദ്ര ജഡേജയും അക്സറും. ഇന്ത്യക്കായി അർഷദീപ് സിംഗ് മൂന്നും രവി ബിഷ്ണോയ് രണ്ടും വിക്കറ്റ് വീതം ഇന്നലെ സ്വന്തമാക്കി. രോഹിത് ശർമ @ 150 & ഗോൾഡൻ ഡെക്ക്…! രാജ്യാന്തര ട്വന്റി-20 പുരുഷ ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം എന്ന റിക്കാർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി-20യിൽ ഇറങ്ങിയതോടെയാണ് ഈ റിക്കാർഡ് കുറിക്കപ്പെട്ടത്. അയർലൻഡിന്റെ പോൾ സ്റ്റർലിംഗാണ് (134) ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. വനിതാ ട്വന്റി-20യിൽ ഇന്ത്യയുടെ ഹർമൻപ്രീത് കൗർ (161), സൂസി ബേറ്റ്സ് (152), ഡാനി വ്യാട്ട് (151), അലിസ ഹീലി (150) എന്നിവർ ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ, റിക്കാർഡ് മത്സരത്തിൽ ഗോൾഡൻ ഡെക്കായി രോഹിത് പുറത്തായി. ഫസൽഹഖ് ഫറൂഖിയുടെ പന്തിൽ ബൗൾഡായാണ് രോഹിത് മടങ്ങിയത്. ഇതോടെ പരന്പരയിലെ ആദ്യ രണ്ട് മത്സരത്തിലും രോഹിത്തിന്റെ സ്കോർ 0, 0 എന്നായി. 2024 ട്വന്റി-20 ലോകകപ്പിൽ കളിക്കുക എന്ന സ്വപ്നത്തിൽനിന്ന് രോഹിത്തിനെ അകറ്റുന്നതായിരിക്കുമോ തുടർച്ചയായ ഈ രണ്ട് ഡെക്ക് എന്നതാണ് നിലവിലെ ചോദ്യം.
Source link