‘ഇത്രയധികം വിനോദസഞ്ചാരികളെ ലക്ഷദ്വീപിന് താങ്ങാനാവില്ല; പരിസ്ഥിതി ദുർബല പ്രദേശം’
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹമാധ്യമ പോസ്റ്റിന്റെയും അതിനു പിന്നാലെ ഉടലെടുത്ത മാലദ്വീപ്– ഇന്ത്യ പ്രശ്നത്തിന്റെയും സാഹചര്യത്തിൽ, ലക്ഷദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടുകയാണെന്ന് റിപ്പോർട്ട്. ‘ചലോ ലക്ഷദ്വീപ്’ എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി. എന്നാൽ ഇത്രയധികം സഞ്ചാരികളെ താങ്ങാനുള്ള കരുത്ത് ലക്ഷദ്വീപിന് ഇല്ലെന്ന് എംപി മുഹമ്മദ് ഫൈസൽ ദേശീയ മാധ്യമത്തോട് അഭിപ്രായപ്പെട്ടു.
‘‘ലക്ഷദ്വീപ് പാരിസ്ഥിതികമായി വളരെ ദുർബലമായ പ്രദേശമാണ്. അതുകൊണ്ടാണ് സുപ്രീം കോടതി നിർദേശപ്രകാരം ജസ്റ്റിസ് രവീന്ദ്രൻ കമ്മിഷൻ ലക്ഷദ്വീപിനായി ‘ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെന്റ് പ്ലാൻ’കൊണ്ടുവന്നത്. റോഡ്, ജെട്ടികൾ തുടങ്ങി ലക്ഷദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനം ഇതു പ്രകാരമാണ് നടക്കുന്നത്.
രവീന്ദ്രൻ കമ്മിഷന്റെ ഈ പദ്ധതിയിൽ തന്നെ ദ്വീപിന് എത്രത്തോളം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുമെന്നു പറഞ്ഞിട്ടുണ്ട്. അതുപ്രകാരം ദ്വീപിൽ വിനോദസഞ്ചാരികൾക്ക് വലിയ നിയന്ത്രണം ഏർപ്പെടുത്തേണ്ട സമയമാണിത്. വിനോദസഞ്ചാരത്തെ നിയന്ത്രിച്ചുകൊണ്ടു തന്നെ പരമാവധി വരുമാനം സമാഹരിക്കാനാണ് പദ്ധതിയിടുന്നത്’’– മുഹമ്മദ് ഫൈസൽ പറഞ്ഞു.
ലക്ഷദ്വീപിൽ 36 ദ്വീപുകളിൽ 10 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്. ആകെ ജനസംഖ്യയിൽ 8–10 ശതമാനം മാത്രമാണ് വിനോദസഞ്ചാരത്തെ ആശ്രയിക്കുന്നത്. നിരവധി സഞ്ചാരികളുടെ പട്ടികയിൽ ഉൾപ്പെടാത്ത പ്രദേശമായിരുന്നു ലക്ഷദ്വീപ്. ഇപ്പോൾ ലക്ഷദ്വീപിലേക്ക് എത്തുന്നത് എങ്ങനെയെന്നും താമസ സൗകര്യം എന്തൊക്കെയാണെന്നും എന്തൊക്കെ കാഴ്ചകളാണ് കാത്തിരിക്കുന്നതെന്നും തിരക്കി ആയിരക്കണക്കിന് അന്വേഷണങ്ങളാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്.
വിനോദസഞ്ചാരികളുടെ എണ്ണം എത്ര വർധിച്ചാലും അതെല്ലാം കൈകാര്യം ചെയ്യാനാവശ്യമായ അടിസ്ഥാന സൗകര്യം ദ്വീപിലുണ്ടെന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നത് ലക്ഷദ്വീപിന്റെ പാരിസ്ഥിതിക ഘടനയെ മോശമായി ബാധിക്കുമെന്നു മുഹമ്മദ് ഫൈസൽ പറയുന്നു.
ലക്ഷദ്വീപ് സന്ദർശനത്തിന്റെ തുടർച്ചയായി അവിടേക്കു സന്ദർശകരെ ക്ഷണിച്ച് നരേന്ദ്ര മോദി എക്സിൽ പോസ്റ്റിട്ടതിനു പിന്നാലെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. മോദിയുടെ പോസ്റ്റ് മാലദ്വീപ് ടൂറിസത്തെ തകർക്കാനാണെന്ന് അവിടെ മന്ത്രിമാരടക്കം ആരോപിച്ചു. പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.ചൈനയുമായി കൂടുതൽ അടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് മാലദ്വീപ് മന്ത്രിമാർ മോദിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയത്. ഇതിനിടെ, ചൈന സന്ദർശിച്ച മുയിസു 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചിരുന്നു. മാലദ്വീപിൽനിന്ന് മാർച്ച് 15ന് മുൻപ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്റ് മുയിസു ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary:
Lakshadweep Can Never Handle A Major Tourist Influx. MP Explains Why
Source link