മൊഴി നൽകാനെത്തിയ ഭർത്താവുമായി പൊലീസ് സ്റ്റേഷനിൽ വഴക്ക്; മകനെ കൊന്നിട്ടില്ലെന്ന് ആവർത്തിച്ച് സുചന

പനജി ∙ നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നേരിടുന്ന പ്രതി സുചന സേത്ത്, കലാങ്ങുട്ട് പൊലീസ് സ്റ്റേഷനില്‍ മൊഴി നൽകാനെത്തിയ ഭർത്താവ് പി.ആർ.വെങ്കട്ടരാമനുമായി വഴക്കിട്ടതായി ഗോവ പൊലീസ്. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ 15 മിനിറ്റോളം വാക്കുതര്‍ക്കത്തിൽ ഏർപ്പെട്ടതായും പൊലീസ് പറഞ്ഞു.
Read Also: സുചനയുടെ നിർണായക കുറിപ്പ്; എഴുതിയത് സ്വന്തം കൈപ്പടയിൽ ടിഷ്യു‌ പേപ്പറിൽ, ഉപയോഗിച്ചത് ഐലൈനർ

ദമ്പതികൾ ഫയൽ ചെയ്ത വിവാഹമോചന ഹർജിയിൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കുട്ടി കൊല്ലപ്പെടുന്നത്. മൊഴി നൽകാനെത്തിയ വെങ്കട്ടരാമന്‍ കുഞ്ഞിനെ എന്തിനാണ് കൊന്നതെന്ന് സുചനയോട് ചോദിച്ചു. എന്നാൽ താൻ കുട്ടിയെ കൊന്നില്ല എന്ന മറുപടിയാണ് സുചന നൽകിയത്. പൊലീസ് ചോദ്യം ചെയ്തപ്പോഴും താൻ തെറ്റു ചെയ്തിട്ടില്ലെന്നാണ് സുചന മറുപടി നൽകിയത്. ഉറങ്ങാൻ കിടന്നപ്പോൾ കുട്ടിക്ക് കുഴപ്പമുണ്ടായിരുന്നില്ലെന്നും രാവിലെ എഴുന്നേറ്റപ്പോൾ കുട്ടിയെ മരിച്ച നിലയിലാണ് കണ്ടതെന്നും സുചന മൊഴി നൽകി.

അന്വേഷണ ഉദ്യോഗസ്ഥനായ പരേഷ് നായിക് വിളിപ്പിച്ച പ്രകാരമാണ് വെങ്കട്ടരാമൻ ഗോവയിലെത്തി മൊഴി നല്‍കിയത്. കുഞ്ഞിനെ അവസാനമായി കണ്ടത് ‍‍‍ഡിസംബർ 10നാണെന്നും പിന്നീട് മകനെ കാണാൻ സുചന അനുവദിച്ചില്ലെന്നും വെങ്കട്ടരാമൻ മൊഴിനൽകി. കുഞ്ഞിനെ കാണാമെന്ന കോടതി ഉത്തരവു നിലനിൽക്കെയാണ് സുചന ഇത്തരത്തിൽ പെരുമാറിയതെന്നും വെങ്കട്ടരാമൻ പറഞ്ഞു.

Read Also: മകനെ കൊന്നതിൽ പശ്ചാത്താപമില്ലാതെ സുചന; ചോദ്യം ചെയ്യലിൽ നിർവികാരമായി പ്രതിയുടെ മറുപടി
സംഭവത്തേത്തുടർന്ന് വെങ്കിട്ടരാമൻ മാനസികമായി തകർന്നിരിക്കുകയാണെന്ന് അഭിഭാഷകൻ അസ്ഹർ മീർ പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിക്ക് എന്ത് നീതിയാണ് കിട്ടുകയെന്ന് അസ്ഹർ ചോദിക്കുന്നു. സമൂഹമെന്ന നിലയിൽ കുറ്റവാളിയെ ശിക്ഷിക്കണമെന്നും അതിലൂടെ നീതി നടപ്പാകുമെന്നും നമ്മൾ കരുതുന്നു. എന്നാൽ കേസിൽ ആരു ജയിച്ചാലും ഇനി ആ കുട്ടിക്ക് തിരിച്ചുവരാനാവില്ല. അത് വലിയ നഷ്ടമാണ്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് വെങ്കിട്ടരാമന് അറിയില്ല. ഒരുപക്ഷേ പിതാവുമായി കുട്ടിക്ക് വൈകാരികമായ അടുപ്പം വരുന്നതിനെ ചെറുക്കാനാകാം സുചന ക്രൂരകൃത്യം നടത്തിയതെന്നും അസ്ഹർ പറഞ്ഞു.

കുട്ടി ആരോടൊപ്പം നിൽക്കണമെന്ന വിഷയത്തിൽ ബെംഗളൂരുവിലെ കുടുംബകോടതിയിൽ ഒരുവർഷമായി കേസ് നടക്കുകയാണെന്നും അസ്ഹര്‍ പറഞ്ഞു. തുടക്കത്തിൽ വിഡിയോ കോൾ വഴിയും പിന്നീട് പകൽ സമയത്ത് നേരിട്ടും കുട്ടിയെ കാണാൻ വെങ്കട്ടരാമന് കോടതി അനുമതി നൽകിയിരുന്നു. ജനുവരി 6ന് കുഞ്ഞിനെ ബെംഗളൂരുവിലെ അപാർട്ട്മെന്റിൽനിന്ന് കൂട്ടാമെന്ന് സുചന വെങ്കട്ടരാമനോട് പറഞ്ഞെങ്കിലും അവിടെയെത്തിയപ്പോൾ ഫോൺ എടുത്തില്ല. ഈ സമയം കുട്ടിയുമായി സുചന ഗോവയിലേക്ക് പുറപ്പെട്ടിരുന്നു. 
ജനുവരി 6ന് ഗോവയിൽ മകനുമായെത്തിയ സുചന ഹോട്ടലിൽ മുറിയെടുത്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ജനുവരി എട്ടിന് ഗോവയിൽനിന്ന് ബെംഗളൂരുവിലേക്കു തിരിച്ചു. ജീവനക്കാർ മുറി വൃത്തിയാക്കാൻ ചെന്നപ്പോൾ ടവലിലാണു ചോരപ്പാടുകൾ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. തലയിണയോ തുണിയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാകും കുട്ടിയെ കൊലപ്പെടുത്തിയതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബെംഗളൂരുവിലേക്കു പോകുന്നതിനിടെ രക്തക്കറയെ കുറിച്ച് ചോദിക്കാൻ സുചനയെ പൊലീസ് വിളിച്ചിരുന്നു. അത് ‌ആർത്തവരക്തമാണ് എന്നായിരുന്നു സുചനയുടെ ആദ്യ മറുപടി.

English Summary:
Suchana Seth Confronted with Husband in Goa Police Station


Source link
Exit mobile version