INDIALATEST NEWS

സ്വരപ്രഭ മാഞ്ഞു; ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. പ്രഭ അത്രെയ്ക്ക് വിട

മുംബൈ∙ ഇന്നലെയും മുംബൈയിൽ കച്ചേരിക്കു പുറപ്പെടാനിരുന്നതാണു വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. പ്രഭ അത്രെ. പക്ഷേ, ഉറക്കത്തിൽ മരണം വന്നു വിളിച്ചു; അവസാന ശ്വാസം വരെയും പാടണമെന്ന ആഗ്രഹം പൂർത്തിയാക്കി, അവസാനമില്ലാത്ത പാട്ടുകളെ ബാക്കിയാക്കി പ്രഭ (92) യാത്രയായി. സ്വർപ്രഭ എന്ന സംഗീതപരിപാടി അവതരിപ്പിക്കാനിരിക്കെ പുണെയിൽ വീട്ടിൽ ഉറക്കത്തിൽ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
‘കിരാന ഖരാന’യുടെ മധുര ശബ്ദമായിരുന്നു പ്രഭ. പരമ്പരാഗതരീതികളെ തൊണ്ട തൊടാതെ വിഴുങ്ങാതെ സ്വന്തം ശൈലി മെനഞ്ഞ ഗായിക. അതിശാസ്ത്രീയതയ്ക്കു പകരം സംഗീതത്തെ ലളിതമായി ആസ്വാദകരിലേക്ക് എത്തിക്കാൻ അവർ പരിശ്രമിച്ചു. ഗുരുവും ചിന്തകയും ഗവേഷകയും എഴുത്തുകാരിയും സാമൂഹികപരിഷ്കർത്താവുമായി പ്രഭയോടെ ജീവിച്ച അവരെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചു.

‘സ്വരയോഗിനി’ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന പ്രഭ അത്രെ സംഗീതപശ്ചാത്തലമുള്ള വീട്ടിൽ അല്ല ജനിച്ചത്. രോഗിയായ അമ്മ മനസ്സ് ശാന്തമാക്കാനായി കേട്ടിരുന്ന ഹിന്ദുസ്ഥാനി സംഗീതം ആസ്വദിച്ചാണു തുടക്കം. പിന്നീട്, അമ്മയ്ക്കൊപ്പം ഹാർമോണിയം പഠനവും സഹോദരി ഉഷയ്ക്കൊപ്പം പാട്ടുപഠനവും. കഥക് നൃത്തവും അഭ്യസിച്ചു. സ്ത്രീകൾ സയൻസ് പഠിക്കുന്നതേ അപൂർവമായിരുന്ന കാലത്ത് പ്രഭ സയൻസിൽ ബിരുദമെടുത്തു. സ്ത്രീകളെ പേരിനു പോലും കാണാൻ കിട്ടാതിരുന്ന നിയമമേഖലയിലെ ബിരുദമായിരുന്നു അടുത്ത പടി. അതിനിടെ, പൊടുന്നനെയാണ് പാട്ടാണ് ജീവിതം എന്നു തീരുമാനിച്ചത്! ശേഷം ചരിത്രം. പ്രഭയില്ലാതെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കഥ പൂർത്തിയാകില്ല.

രാജ്യാന്തര വേദികളിൽ ഹിന്ദുസ്ഥാനിയെ ജനപ്രിയമാക്കിയ അവർ, അപൂർവകല്യാൺ, മധുർകൻസ്, പത്ദീപ്, തിലങ്ക്, ഭൈരവ്, ഭീംകാലി, രവി ഭൈരവ തുടങ്ങിയ സുന്ദര രാഗങ്ങൾക്കു ജന്മം കൊടുത്തു. ഹിന്ദുസ്ഥാനിയിൽ പിഎച്ച്ഡി നേടിയ അവർ ലണ്ടനിൽ പാശ്ചാത്യസംഗീതവും പരിശീലിച്ചു. എലോങ് ദ് പാത് ഓഫ് മൈ മ്യൂസിക് ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ എഴുതി. സംഗീതം പഠിപ്പിക്കാനായി പുണെയിൽ സ്വർമയീ ഗുരുകുൽ സ്ഥാപിച്ചു. ആദ്യകാലങ്ങളിൽ മറാഠി സംഗീതനാടകങ്ങളിലും വേഷമിട്ടിരുന്നു.

‘‘മിക്ക സ്ത്രീകളും വിവാഹമാണു ജീവിതത്തിൽ സ്ഥിരത കൊണ്ടുവരുന്നതെന്നു വിശ്വസിക്കുന്നു. പക്ഷേ സംഗീതമായിരുന്നു എന്റെ സ്ഥിരത, ജീവൻ, ജീവിതം.’’ പ്രഭ അത്രെ ഒരിക്കൽ പറഞ്ഞു. എന്താണു ലക്ഷ്യമെന്നു ചോദിച്ചാൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതം തലമുറകളിലേക്കു കൈമാറണമെന്നായിരുന്നു മറുപടി. പരേതരായ ആബാ സാഹെബും ഇന്ദിരാ ബായിയുമാണു മാതാപിതാക്കൾ. സംസ്കാരം പിന്നീട്.

English Summary:
Hindustani Musician Prabha Atre passes away


Source link

Related Articles

Back to top button