സൂപ്പർ എൽ ക്ലാസിക്കൊ
റിയാദ്: 2023-24 സീസണ് സൂപ്പർ കോപ്പ ഫുട്ബോൾ ഫൈനൽ ഈ രാത്രി സൗദി അറേബ്യയിലെ റിയാദിൽ അരങ്ങേറും. ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. എൽ ക്ലാസിക്കൊ എന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തിൽ സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിൽ കൊന്പുകോർക്കും. 1982 മുതൽ നടത്തിവരുന്ന സൂപ്പർ കോപ്പയിൽ റയലും ബാഴ്സലോണയും നേർക്കുനേർ ഇറങ്ങുന്നത് ഇത് 17-ാം തവണയാണ്. 2023-24 സീസണിലെ രണ്ടാമത് എൽ ക്ലാസിക്കൊയാണ് ഇന്ന് രാത്രിഅരങ്ങേറുന്നതെന്നതും ശ്രദ്ധേയം. സൂപ്പർ കോപ്പയിൽ ബാഴ്സലോണയാണ് നിലവിലെ ചാന്പ്യന്മാർ. 2022-23 സീസണ് ഫൈനലിൽ റയൽ മാഡ്രിഡിനെ കീഴടക്കി (3-1) ബാഴ്സലോണ ചാന്പ്യന്മാരായിരുന്നു. ഈ സീസണിൽ നടന്ന ആദ്യ എൽ ക്ലാസിക്കൊയിൽ (ലാ ലിഗ) റയൽ മാഡ്രിഡിനായിരുന്നു (2-1) ജയം.
സെമിയിൽ ഒസാസുനയെ 2-0നു കീഴടക്കിയാണ് ബാഴ്സലോണ ഫൈനലിൽ പ്രവേശിച്ചത്. അധികസമയത്തേക്ക് നീണ്ട ത്രില്ലറിൽ നാട്ടുശത്രുക്കളായ അത്ലറ്റിക്കോ മാഡ്രിഡിനെ 5-3നു തകർത്താണ് റയൽ മാഡ്രിഡിന്റെ ഫൈനൽ പ്രവേശം. ഇരുടീമും താരപ്രഭയാൽ സന്പന്നാണ്. ജൂഡ് ബെല്ലിങ്ഗം, ടോണി ക്രൂസ്, വിനീഷ്യസ് ജൂണിയർ, ലൂക്ക മോഡ്രിച്ച് തുടങ്ങിയവർ റയൽ മാഡ്രിഡിനായി അണിനിരക്കുന്പോൾ പെദ്രി, ഫെറാൻ ടോറസ്, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണ് ബാഴ്സലോണയുടെ ആക്രമണം നയിക്കുക.
Source link