ഇംഗ്ലണ്ടിനെതിരേ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായുള്ള അഞ്ചു ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പുതുമുഖമായി വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറെൽ ഇടം നേടി. 25ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആദ്യടെസ്റ്റിനു തുടക്കമാകും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിനായും പുറത്തെടുക്കുന്ന മികവിനു പുറമെ സമ്മർദഘട്ടങ്ങളിൽ റണ്‍സടിക്കാനുള്ള മികവുകൂടിയാണ് ജുറെലിന് ടെസ്റ്റ് ടീമിലേക്കുള്ള വിളിയൊരുക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ സീസണിൽ ഉത്തർപ്രദേശിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറിയ ജുറെൽ ഇതുവരെ 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും അടക്കം 46.47 ശരാശരിയിൽ 790 റണ്‍സ് നേടി. 249 റണ്‍സാണ് ഉയർന്ന സ്കോർ. ബാറ്റിനായി അമ്മ സ്വർണം വിറ്റു കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഹവിൽദാർ നേം സിംഗ് ജുറെൽ ആണ് പിതാവ്. മകൻ തന്റെ പാത പിന്തുടർന്ന് സൈനിക ഉദ്യോഗസ്ഥാനോ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനോ ആകുന്നതിനാണ് നേം സിംഗ് ആഗ്രഹിച്ചത്. എന്നാൽ, മകന്റെ നോട്ടം ക്രിക്കറ്റിലായിരുന്നു. ആർമി സ്കൂളിൽ പഠിച്ച ധ്രുവ് അവധിക്കാലത്ത് ആഗ്ര ഏകലവ്യ സ്റ്റേഡിയത്തിൽ നടത്തിയ ക്രിക്കറ്റ് ക്യാന്പിൽ പങ്കെടുത്തു. ഇതിനുള്ള അപേക്ഷാഫോം അച്ഛൻ അറിയാതെയാണ് നൽകിയത്. മകന്റെ ക്രിക്കറ്റ് കന്പം മനസിലാക്കിയ പിതാവ് അവനൊരു ബാറ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സുഹൃത്തുക്കളുടെ കൈയിൽ നിന്ന് 800 രൂപ കടം വാങ്ങിയാണ് അത് സാധിച്ചുകൊടുത്തത്.
14-ാം വയസിൽ ക്രിക്കറ്റ് കിറ്റ് വാങ്ങാൻ അമ്മ സ്വർണമാല വിറ്റതും ജുറെലിന്റെ ക്രിക്കറ്റ് ജീവിത യാഥാർഥ്യമാണ്. മകനെ ക്രിക്കറ്റ് കളിക്കാൻ സഹായിക്കുന്നതിനായി അവർ നോയിഡയിലേക്ക് മാറി. ആ നീക്കം ജുറെലിനെ ഉത്തർപ്രദേശ് ടീമിലേക്കും പിന്നീട് ഐപിഎല്ലിലേക്കും ഇന്ത്യൻ ടീമുകളിലേക്കുമെത്തിച്ചു. ഇന്ത്യയുടെ സീനിയർ ടീമിലേക്കുള്ള വിളി കൂട്ടുകാരോടു പറഞ്ഞപ്പോൾ അവർ ചോദിച്ചത് ഏത് ഇന്ത്യൻ ടീമിലേക്കാണെന്നാണ്. രോഹിതും വിരാടും ഉള്ള ടീമിനെന്ന് അവരോട് പറഞ്ഞു. ഈ വിവരം അറിഞ്ഞതോടെ കുടുംബം മുഴുവൻ സന്തോഷിച്ചെന്ന് ജുറെൽ പറഞ്ഞു. ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, കെ.എസ്. ഭരത്, ധ്രുവ് ജുറെൽ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ, ആവേശ് ഖാൻ.
Source link