‘വെള്ളമില്ല, ശുചിമുറിയും; ഒരു മണിക്കൂര്‍ എയ്‌റോബ്രിജില്‍ പൂട്ടിയിട്ടു’: ദുരനുഭവം പങ്കിട്ട് രാധിക ആപ്‌തെ
മുംബൈ∙ തനിക്കും സഹയാത്രികര്‍ക്കും വിമാനത്താവളത്തില്‍ മണിക്കൂറുകളോളം നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്‌തെ. ഏതു നഗരത്തിലാണെന്നോ വിമാനത്താവളത്തിലാണെന്നോ രാധിക വ്യക്തമാക്കിയിട്ടില്ല. നിരവധി ആളുകള്‍ മണിക്കൂറുകളോളം വിമാനത്തില്‍ കയറാനാവാതെ കാത്തുനില്‍ക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. വിമാനം വൈകിയതിനെ തുടര്‍ന്ന് വിമാനത്തിലേക്കു കയറാനുള്ള എയ്‌റോബ്രിജില്‍, തന്നെ ഉള്‍പ്പെടെ ജീവനക്കാര്‍ പൂട്ടിയിട്ടുവെന്ന് രാധിക പറഞ്ഞു.
‘‘ഇന്ന് രാവിലെ 8.30നായിരുന്നു എന്റെ വിമാനം. ഇപ്പോള്‍ 10.50 ആയിരിക്കുന്നു. വിമാനം ഇതുവരെ എത്തിയിട്ടില്ല. എന്നാല്‍ വിമാനം എത്തിയെന്ന് അറിയിച്ച് ഞങ്ങളെ എയ്‌റോബ്രിജില്‍ എത്തിച്ചു പൂട്ടിയിട്ടിരിക്കുകയാണ്. കൊച്ചുകുട്ടികളും പ്രായമായവരും ഏതാണ്ട് ഒരു മണിക്കൂറോളമായി ഇത്തരത്തില്‍ വലയുന്നു. വാതില്‍ തുറക്കാന്‍ സുരക്ഷാ ജീവനക്കാര്‍ തയാറാകുന്നില്ല. ആര്‍ക്കും ശുചിമുറിയില്‍ പോകാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. 12 മണി വരെയെങ്കിലും ഇങ്ങനെ ഇരിക്കേണ്ടിവരുമെന്നാണ് വിമാനക്കമ്പനി അറിയിച്ചത്’’ – രാധിക കുറിച്ചു.
യാത്രക്കാര്‍ ചില്ലുവാതിലിന് അപ്പുറത്തു നില്‍ക്കുന്നതിന്റെയും സുരക്ഷാജീവനക്കാരുമായി സംസാരിക്കുന്നതിന്റെയും ചിത്രങ്ങള്‍ രാധിക പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാനത്തിലെ ജീവനക്കാര്‍ എത്താത്തതാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് രാധിക പറഞ്ഞു.
Source link