മല്ലികാർജുൻ ഖർഗെ ‘ഇന്ത്യ’ മുന്നണി ചെയർമാൻ; കോൺഗ്രസിൽനിന്നുതന്നെ ആളുവരണമെന്ന് നിതീഷ്
ന്യൂഡൽഹി∙ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണിയുടെ ചെയർപഴ്സൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ വിർച്വലായി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം രംഗത്തുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ യോഗത്തിൽ കോൺഗ്രസിൽനിന്നുതന്നെ ചെയർപഴ്സൻ സ്ഥാനത്തേക്ക് ആൾ വരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
ചെയർപഴ്സനെ തിരഞ്ഞെടുത്തതോടെ മുന്നിലുള്ള ഒരു കടമ്പകൂടി സഖ്യ കടന്നിരിക്കുകയാണ്. എന്നാൽ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വലിയ കടമ്പകൾ സഖ്യത്തിനുമുന്നിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നതിനാൽ യുപിയിൽ സമാജ്‌വാദി പാർട്ടിയുമായുള്ള ചർച്ചകളിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എഎപിയുമായുള്ള ചർച്ചകളിലും കല്ലുകടിയുണ്ട്. കോൺഗ്രസിന് ഡൽഹിയിൽ നാലും പഞ്ചാബിൽ ഏഴും സീറ്റുകൾ വേണമെന്നാണ് ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ എപി തയാറല്ല. ഭരണകക്ഷിയായതിനാൽ കൂടുതൽ സീറ്റുകളുടെ അവകാശം തങ്ങൾക്കു തന്നെയാണെന്നാണ് എഎപിയുടെ നിലപാട്. ഗോവ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലും സീറ്റ് വേണമെന്ന് എഎപി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യമാണ് ഇന്ത്യ – ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്. മൂന്നാമതും കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്കു തടയിടുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.
Source link