ജയറാം കുടുംബത്തിൽ ഒരേ ദിവസം രണ്ടാഘോഷങ്ങൾ; ഓസ്‌ലർ വിജയവും മരുമകളുടെ പിറന്നാളും

‌ജനുവരി 11 ജയറാമിന്റെ കുടുംബത്തിൽ ഇരട്ടിസന്തോഷത്തിന്റെ ദിവസമായിരുന്നു. എബ്രഹാം ഓസ്‌ലർ റിലീസ് ചെയ്ത അതേ ദിവസം തന്നെയായിരുന്നു കാളിദാസ് ജയറാമിന്റെ പ്രതിശ്രുത വധു താരിണിയുടെ പിറന്നാളും. ഓസ്‌ലറിന്റെ വിജയവും താരിണിയുടെ പിറന്നാളും ഒരുമിച്ചാണ് ജയറാമും കുടുംബവും ആഘോഷിച്ചത്.
സിനിമയുടെ വിജയവും പിറന്നാളും ഒന്നിച്ചാഘോഷിച്ച വിശേഷം കാളിദാസ് ജയറാം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കിട്ടു. താരിണിയും ജയറാമും ഒന്നിച്ച് കേക്ക് മുറിക്കുന്നത് ചിത്രത്തിൽ കാണാം. ‘‘എന്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ നേരുന്നു, എബ്രഹാം ഓസ്‌ലറിന് വിജയാശംസകളും’’ എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.

കഴിഞ്ഞ വർഷം നവംബർ 10 നായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹനിശ്ചയം. നീലഗിരി സ്വദേശിയാണ് ഇരുപത്തിയഞ്ചുകാരിയായ താരിണി. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

‌‍

ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രം ഓസ്‌ലറിന് തിയറ്റുകളിൽ അതിഗംഭീര വരവേൽപാണ് ലഭിക്കുന്നത്. ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്‌ലറിൽ പ്രേക്ഷകർക്കു കാണാനാകുക. ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ട ഓസ്‌ലറിനു മുന്നിൽ ഒരു സീരിയല്‍ കില്ലർ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുള്ള കുറ്റാന്വേഷണവുമാണ് പ്രമേയം. കഥയിലെ നിർണായക കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ ഇൻട്രൊ കാണികളെ ആവേശത്തിലാക്കും.
ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. ട്രെയിലറിൽ പ്രത്യക്ഷപ്പെടാത്ത ഒട്ടനവധി താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയയാണ്  പ്രദർശനത്തിനെത്തിക്കുന്നത്. 

English Summary:
Jjayaram celebrates Ozler victory and Tarini Kalingarayar birthday on the same day


Source link
Exit mobile version