INDIALATEST NEWS

ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കടന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡീപ്പിച്ചു, 6 പേർ അറസ്റ്റിൽ

ബെംഗളൂരു ∙ ഹാവേരിയിൽ ഇതരമതസ്ഥനൊപ്പം ഹോട്ടൽ മുറിയെടുത്ത യുവതിയെ സദാചാരഗുണ്ടകൾ സംഘം ചേർന്നു പീഡിപ്പിച്ച കേസിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 8നാണു സംഭവം നടന്നത്. ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കടന്ന 7 പേർ 26 വയസ്സുകാരിയെ സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും വിഡിയോ ചിത്രീകരിച്ചു പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. പ്രതികളിലൊരാൾ അപകടത്തെ തുടർന്ന് ചികിത്സയിലാണ്. ഇയാൾ ആശുപത്രി വിട്ടാലുടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. യുവതി മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകിയതിനെ തുടർന്നാണ് കേസ് സദാചാര ഗുണ്ടായിസം കൂടിയാണെന്നറിഞ്ഞത്.
സംഭവത്തെ തുടർന്നു സിദ്ധരാമയ്യ സർക്കാരിനു കീഴിൽ ക്രമസമാധാനനില പാടേ തകർന്നതായി ആരോപിച്ച് ബിജെപി രംഗത്തുവന്നു. പീഡനം മറച്ചുവയ്ക്കാൻ പൊലീസ് ശ്രമിച്ചതിനാലാണു മജിസ്ട്രേട്ടിനു മുന്നിൽ യുവതിക്കിതു വെളിപ്പെടുത്തേണ്ടി വന്നതെന്നു മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആരോപിച്ചു. സദാചാര ഗുണ്ടായിസത്തെ സർക്കാർ അത്ര ഗൗരവമായി കാണുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പീഡിപ്പിക്കപ്പെട്ട കാര്യം വെളിപ്പെടുത്താൻ യുവതി 2 ദിവസം വൈകിയ കാരണത്താലാണ് അറസ്റ്റ് വൈകിയതെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര മറുപടി നൽകി. ബിജെപി ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

English Summary:
Police arrested six people for raping woman in Bengaluru


Source link

Related Articles

Back to top button