യെമനിൽ യുഎസ്- ബ്രിട്ടൻ വ്യോമാക്രമണം; ഹൂതി കേന്ദ്രങ്ങൾ തകർത്തു
വാഷിംഗ്ടൺ ഡിസി/സനാ: യെമനിലെ ഹൂതികേന്ദ്രങ്ങളിൽ യുഎസും ബ്രിട്ടനും നടത്തിയ വ്യോമാക്രമണം പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുമെന്ന ആശങ്ക ശക്തമാക്കി. ഇറാന്റെ പിന്തുണയോടെ യെമന്റെ പ്രധാന ഭാഗങ്ങൾ നിയന്ത്രിക്കുന്ന ഹൂതി വിമതർ ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇന്നലെ പുലർച്ചെ സംയുക്ത ആക്രമണം. ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അറിയിച്ചു. യുഎസിനും ബ്രിട്ടനും തിരിച്ചടി നല്കുമെന്നും ഗാസയിലെ ഹമാസിന് ഐക്യദാർഢ്യവുമായി കപ്പലുകൾ ആക്രമിക്കുന്നതു തുടരുമെന്നും ഹൂതികൾ പറഞ്ഞു. ആക്രമണത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ഇനം ക്രൂഡ് ഓയിലിനു നാലു ശതമാനം വില വർധിച്ചു. യുഎസ്, ബ്രിട്ടീഷ് യുദ്ധവിമാനങ്ങളും കപ്പലുകളും ഹൂതികളുടെ 16 സ്ഥലങ്ങളിലെ അറുപതിലധികം സൈനിക കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടത്. റഡാർ സംവിധാനങ്ങൾ, ഡ്രോണുകളും മിസൈലുകളും സൂക്ഷിച്ചിരുന്ന സ്ഥലങ്ങൾ, വിക്ഷേപണകേന്ദ്രങ്ങൾ, കമാൻഡ്-കൺട്രോൾ കേന്ദ്രങ്ങൾ എന്നിവയാണ് ആക്രമിച്ചതെന്നു യുഎസ് പ്രതിരോധവകുപ്പ് അറിയിച്ചു. ടോമഹ്വാക്ക് ക്രൂസ് മിസൈൽ ഉൾപ്പെടെ നൂറിലധികം ആയുധങ്ങൾ പ്രയോഗിച്ചു. 72 ആക്രമണങ്ങൾ യെമൻ തലസ്ഥാനമായ സനാ, ചെങ്കടൽ തുറമുഖമായ ഹൊദെയ്ദ, ധമാർ, സാദ, ബാനി എന്നിവിടങ്ങളിൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. 72 ആക്രമണങ്ങളാണുണ്ടായതെന്ന് ഹൂതികൾ പറഞ്ഞു. ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾക്കു നേരിട്ടുള്ള മറുപടിയാണിതെന്ന് യുഎസ് പ്രസിഡന്റ് ബൈഡന് പറഞ്ഞു. പശ്ചിമേഷ്യാ സംഘർഷം വ്യാപിപ്പിക്കണമെന്ന ആഗ്രഹം യുഎസിനില്ല. പക്ഷേ, ഇനി സൗൈനിക നടപടിക്കു മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ആഗോള ചരക്കുനീക്കത്തെ സംരക്ഷിക്കുന്നതിനു സൈനിക നടപടി ആവശ്യമായിരുന്നുവെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് വിശദീകരിച്ചു.
ആരാണ് ഹൂതികൾ? യെമനിലെ മുൻ പാർലമെന്റംഗവും മതനേതാവുമായ ഹുസൈൻ ബദറുദ്ദീൻ അൽ ഹൂതി സ്ഥാപിച്ച ഗോത്ര സായുധ സംഘടനയാണു ഹൂതികൾ. ഷിയാ ഇസ്ലാമിലെ സെയ്ദി വിഭാഗക്കാരാണിവർ. സൗദി അറേബ്യൻ അതിർത്തിയിലെ ഗോത്രമേഖലകളാണ് ഇവരുടെ ശക്തികേന്ദ്രം. സൗദി അറേബ്യയുടെ യെമനിലെ മതപരമായ സ്വാധീനത്തിൽ പ്രതിഷേധിച്ച് 1980കളിലാണ് സംഘടനയുടെ ഉദ്ഭവം. അൻസാർ അള്ളാ എന്ന പേരിലും അറിയപ്പെടുന്ന സംഘടനയ്ക്ക് 20,000 സായുധ പോരാളികളുണ്ടെന്നാണു റിപ്പോർട്ട്. 2004ൽ ഹുസൈൻ അൽഹൂതിയുടെ മരണത്തിനിടയാക്കിയ സൈനിക നടപടിയെത്തുടർന്നാണു ഹൂതികൾ സായുധ ആക്രമണത്തിലേക്കു കടന്നത്. അന്നത്തെ യെമൻ പ്രസിഡന്റ് അബ്ദുള്ള സാലെഹിന്റെ നടപടികളായിരുന്നു ഇതിനു കാരണം. ഇതോടെ ഹൂതികൾ സ്വന്തം സൈന്യം രൂപീകരിച്ചു. ചില പ്രവിശ്യകളിൽ സമാന്തര ഭരണവും നടത്തി. ഇപ്പോഴും യെമന്റെ വടക്കൻഭാഗം ഹൂതികളുടെ നിയന്ത്രണത്തിലാണ്. 2014 മുതൽ ഇവർ യെമനിലെ സുന്നി ഭൂരിപക്ഷ സർക്കാരിനെതിരേയുള്ള പോരാട്ടത്തിലാണ്. 2014 ൽ അട്ടിമറിയിലൂടെ അബ്ദറബ് മൻസുർ ഹാദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ഇവർ പുറത്താക്കി. സർക്കാരിന് സൗദി അറേബ്യയുടെ പിന്തുണയുണ്ടായിരുന്നു. അന്നുമുതൽ ഹൂതികൾ സർക്കാരിനെതിരേ ആഭ്യന്തര യുദ്ധങ്ങളിൽ ഏർപ്പെടുകയാണ്. യെമന്റെ വടക്കുഭാഗത്തെ ഭൂരിഭാഗം പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണ്. സൗദി അറേബ്യയുമായി ദീർഘകാലമായി ശത്രുതയുള്ളതിനാൽ ഹൂതികളെ എല്ലാത്തരത്തിലും ഇറാൻ സഹായിക്കുന്നു.
Source link