ആമസോൺ വനത്തിൽ 2500 വർഷം പഴക്കമുള്ള നഗരം
ക്വിറ്റോ: ആമസോൺ വനാന്തരത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം കണ്ടെത്തി. കിഴക്കൻ ഇക്വഡോറിലെ ഉപാനോ മേഖലയിൽ നിബിഡവനത്തിനിടയിലാണ് ഭവനങ്ങളുടെയും ചത്വരങ്ങളുടെയും അടിസ്ഥാനങ്ങൾ കണ്ടെത്തിയത്. പരസ്പരം ബന്ധിച്ചുകിടക്കുന്ന റോഡുകളും തോടുകളുമായി ഏറെ സങ്കീർണമായ നാഗരിക വ്യവസ്ഥയാണ് ഇവിടെ നിലനിന്നിരുന്നതെന്ന് അനുമാനിക്കുന്നു. തെക്കേ അമേരിക്കയിൽ ഇത്രയും പുരാതനമായ നാഗരികത ഉണ്ടെന്നുറപ്പുവരുത്തുന്നത് ഇതാദ്യമാണ്. 2,500 വർഷം മുന്പ് നിർമിക്കപ്പെട്ട നഗരത്തിൽ പതിനായിരത്തിനു മുകളിൽ ആളുകൾ വസിച്ചിരുന്നുവെന്ന് ഉറപ്പാണ്. ആയിരത്തോളം വർഷം നഗരം നിലനിന്നു. അഗ്നിപർവത സ്ഫോടനത്തിലായിരിക്കും നശിച്ചതെന്നു കരുതുന്നു.
300 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വിമാനം ഉപയോഗിച്ചു നടത്തിയ ലേസർ സെൻസർ സർവേയിലും ഖനനത്തിലുമാണു നഗരത്തിനു തെളിവുകൾ കണ്ടെത്തിയത്. ചതുരാകൃതിയിലുള്ള 6,000 തറകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ഭവനങ്ങളാണെന്ന് കരുതുന്നു. ചിലത് ആരാധനാകേന്ദ്രങ്ങളാണ്. ദുർഘടമായ ഭൂപ്രകൃതിയിലെ റോഡുകൾ നേർരേഖയിലുള്ളതാണ്. ഒരു റോഡിന് 25 കിലോമീറ്റർ ദൂരമുണ്ട്.
Source link