ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണു; 'മൃതദേഹ'ത്തിന് അനക്കം: 80കാരന് പുനര്‍ജനി

ചണ്ഡിഗഡ്∙ രാജ്യത്ത് പലയിടത്തും റോഡിലെ കുഴികള്‍ യാത്രികര്‍ക്ക് വലിയ തലവേദനയാകുമ്പോള്‍ ഹരിയാനയില്‍നിന്നുള്ള ഈ എണ്‍പതുകാരന് റോഡിലെ കുഴി മരണത്തില്‍നിന്നുള്ള പുനര്‍ജനിയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ദര്‍ശന്‍ സിങ് ബ്രാര്‍ എന്ന എണ്‍പതുകാരന്‍ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനെ തുടര്‍ന്ന് ‘മൃതദേഹം’ ബന്ധുക്കള്‍ ആംബുലന്‍സില്‍ പട്യാലയില്‍നിന്ന് കര്‍ണാലിലേക്കു കൊണ്ടുപോകുകയായിരുന്നു. 
നാല് ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു ബ്രാര്‍. അദ്ദേഹം മരിച്ചുവെന്ന വിവരം 100 കി.മീ അകലെയുള്ള നാട്ടിലേക്ക് വിളിച്ചറിയിച്ചു. തുടര്‍ന്ന് ബ്രാറിന്റെ വീട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കായി ചിത ഉള്‍പ്പെടെ സജ്ജമാക്കി.  ‘മൃതദേഹം’ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ ദന്ത് ജില്ലയില്‍ വച്ച് ആംബുലന്‍സ് റോഡിലെ ഒരു വലിയ ഗട്ടറില്‍ വീണതോടെ ബ്രാര്‍ ചെറുതായി കൈ അനക്കിയതായി ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന ചെറുമകന്‍ കണ്ടു. പരിശോധിച്ചപ്പോള്‍ ചെറുതായി ഹൃദയമിടിപ്പ് കണ്ടതോടെ തൊട്ടടുത്ത ആശുപത്രിയിലേക്ക് ആംബുലന്‍സ് എത്തിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ബ്രാറിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ജീവനുണ്ടെന്ന് വിധിയെഴുതി. ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് ബ്രാര്‍. അദ്ദേഹം എത്രയും പെട്ടെന്ന് പൂര്‍ണാരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

English Summary:
Ambulance hit a pathhole in Haryana man who was considered dead shake his hand


Source link
Exit mobile version