ന്യൂഡൽഹി∙ അയോധ്യയിൽ രാമക്ഷേത്രം ഉയരണമെന്ന വിധി നേരത്തെ കുറിക്കപ്പട്ടതാണെന്നും താൻ അതിന്റെ സാരഥി മാത്രമായിരുന്നെന്നും മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ.അഡ്വാനി. ഈ മാസം 22നു നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി ‘രാഷ്ട്രധർമ’ എന്ന മാസികയിൽ എഴുതിയ ലേഖനത്തിലാണ് അഡ്വാനിയുടെ പ്രസ്താവന. തിങ്കളാഴ്ചയാണ് ലേഖനം പ്രസിദ്ധീകരിക്കുന്നത്. ശ്രീരാമൻ തന്റെ ക്ഷേത്രം പുതുക്കിപ്പണിയാൻ തിരഞ്ഞെടുത്ത ‘ഭക്തൻ’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശേഷിപ്പിച്ച അഡ്വാനി, നിർമാണത്തിനു മേൽനോട്ടം വഹിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിമാറ്റത്തിന് ഇടയാക്കിയ ‘രഥയാത്ര’യ്ക്ക് നേതൃത്വം നൽകിയ നേതാവാണ് എൽ.കെ.അഡ്വാനി. 1990 സെപ്റ്റംബർ 25 ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ‘രഥയാത്ര’യിൽ അഡ്വാനിക്കൊപ്പം മറ്റൊരു മുതിർന്ന ബിജെപി നേതാവായിരുന്ന മുരളി മനോഹർ ജോഷിയുമുണ്ടായിരുന്നു. ഈ സമയത്ത് അഡ്വാനിയുടെ സന്തതസഹചാരിയായിരുന്നു നരേന്ദ്ര മോദി. യാത്രയ്‌ക്കൊടുവിൽ 1992 ഡിസംബർ 6നാണ് ബാബറി മസ്ജിദ് തകർത്തത്. മസ്ജിദ് തകർക്കുന്ന സമയത്ത് അഡ്വാനിയും മുരളി മനോഹർ ജോഷിയും അയോധ്യയിലുണ്ടായിരുന്നു
‘‘അക്കാലത്ത് (1990 സെപ്റ്റംബറിൽ, യാത്ര ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം) ഒരു ദിവസം അയോധ്യയിൽ ഒരു മഹത്തായ രാമക്ഷേത്രം ഉയരുമെന്ന് വിധി തീരുമാനിച്ചതായി എനിക്ക് തോന്നി. ഇനി അതിനു കുറച്ച് സമയമേയുള്ളൂ. രഥയാത്ര തുടങ്ങി ദിവസങ്ങൾക്ക് ശേഷം, ഞാൻ ഒരു സാരഥി മാത്രമാണെന്ന് എനിക്ക് മനസ്സിലായി. പ്രധാന സന്ദേശം യാത്ര തന്നെയായിരുന്നു. രാമന്റെ ജന്മസ്ഥലത്തേക്ക് പോകുന്നതിനാൽ ആരാധന അർഹിക്കുന്ന ‘രഥം’ ആയിരുന്നു അത്.’’– അഡ്വാനി ലേഖനത്തിൽ കുറിച്ചു.
പ്രധാനമന്ത്ര നരേന്ദ്ര മോദിയും എൽ.കെ.അഡ്വാനിയും (PTI Photo)
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകവും പരിവർത്തനപരവുമായ സംഭവമായിരുന്നു രഥയാത്രയെന്ന് അഡ്വാനി വിശേഷിപ്പിച്ചു. അതു തനിക്ക് ഇന്ത്യയെയും തന്നെയും വീണ്ടും കണ്ടെത്താനുള്ള അവസരം നൽകിയെന്നും അഡ്വാനി ലേഖനത്തിൽ പറയുന്നു. ‘‘ഞങ്ങൾ യാത്ര ആരംഭിച്ചപ്പോൾ ശ്രീരാമനിലുള്ള ഞങ്ങളുടെ വിശ്വാസം രാജ്യത്ത് ഒരു വലിയ പ്രസ്ഥാനമായി മാറുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. യാത്രയ്ക്കിടയിൽ എന്റെ ജീവിതത്തെ സ്വാധീനിച്ച നിരവധി അനുഭവങ്ങൾ ഉണ്ടായി. വിദൂര ഗ്രാമങ്ങളിൽനിന്നുള്ള ഗ്രാമവാസികൾ രഥം കണ്ട് വികാരഭരിതരായി എന്റെ അടുക്കൽ വരും. തൊഴുതുകൊണ്ട് ‘രാമനാമം’ ചൊല്ലും. രാമക്ഷേത്രം സ്വപ്‌നം കണ്ടവർ ഏറെയുണ്ടെന്ന സന്ദേശമായിരുന്നു അത്.’’– അഡ്വാനി കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം സമർപ്പിക്കുമ്പോൾ, അദ്ദേഹം ഇന്ത്യയിലെ എല്ലാ പൗരന്മാരെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
രാമക്ഷേത്ര നിർമാണ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ എൽ.കെ. അഡ്വാനി അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതൃത്വം അറിയിച്ചിരുന്നു. അഡ്വാനിയുടെ അനാരോഗ്യം കണക്കിലെടുത്ത് പ്രത്യേകം വൈദ്യസഹായം സജ്ജമാക്കുമെന്നും അവർ വ്യക്തമാക്കി. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നീ ബിജെപി നേതാക്കളോട് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനു വരേണ്ടെന്നു പറഞ്ഞ വിശ്വഹിന്ദു പരിഷത്തിന്റെ നിലപാട് വൻ വിവാദമായിരുന്നു. അഡ്വാനിയോടും ജോഷിയോടും അവരുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജനുവരി 22ന്റെ പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലേക്കു വരേണ്ടെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്ന് ക്ഷേത്രനിർമാണ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചംപട് റായ് പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നു. ഇതോടെ വിഎച്ച്പി നിലപാട് മാറ്റുകയായിരുന്നു.
English Summary:
“Destiny Decided… I Was Just The Charioteer”: LK Advani On Ram Temple
Source link