INDIALATEST NEWS

2016ല്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തി


ന്യൂഡല്‍ഹി∙ 2016ല്‍ 29 പേരുമായി ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചെന്നൈ തീരത്തുനിന്ന് 310 കി.മീ. അകലെയാണ് എഎന്‍-32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വ്യോമസേനയിലെയും സൈന്യത്തിലെയും തീരസംരക്ഷണസേനയിലേയും 29 ഉദ്യോഗസ്ഥരാണ് വിമാനത്തിലുണ്ടായിരുന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.
വിമാനം തകര്‍ന്ന ഭാഗത്തിനു സമീപത്തു തന്നെ അവശിഷ്ടങ്ങള്‍ കണ്ടതും, മേഖലയില്‍ മറ്റ് വിമാനാപകടങ്ങള്‍ നടന്നിട്ടില്ലാത്ത സാഹചര്യത്തിലും അവശിഷ്ടങ്ങള്‍ വ്യോമസേനയുടെ എഎന്‍-31 വിമാനത്തിന്റേതാണെന്നാണു സ്ഥിരീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

2016 ജൂലൈ 22ന് രാവിലെ 8 മണിയോടെയാണ് ചെന്നൈയിലെ താംബരം വ്യോമതാവളത്തില്‍നിന്ന് അന്റോനോവ് എഎന്‍-32 വിമാനം പറന്നുയര്‍ന്നത്. ജീവനക്കാരുള്‍പ്പെടെ 29 പേരാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള ട്രിപ്പിനുണ്ടായിരുന്നത്. പറന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളില്‍ വിമാനവുമായി ഉണ്ടായിരുന്ന ബന്ധം വിഛേദിക്കപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍വച്ചാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. തുടര്‍ന്ന് രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും ആരംഭിച്ചു. 16 കപ്പലുകളും അന്തര്‍വാഹിനിയും ആറ് വിമാനങ്ങളും തിരച്ചിലിനായി വിന്യസിച്ചു. എന്നാല്‍ തകര്‍ന്ന വിമാനം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ 2016 സെപ്റ്റംബര്‍ 16ന് വിമാനം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ മരിച്ചുവെന്നു കരുതാതെ വേറെ വഴിയില്ലെന്നും 29 യാത്രക്കാരുടെയും കുടുംബത്തെ വ്യോമസേന അറിയിക്കുകയായിരുന്നു.


Source link

Related Articles

Back to top button