യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേര്‍ക്ക് US- UK ആക്രമണം; ആവശ്യമെങ്കില്‍ ഇനിയും നടപടിയെന്ന് ബൈഡന്‍
വാഷിങ്ടണ്‍: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യു.എസ്.-യു.കെ. സൈന്യങ്ങള്‍. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം തുടരുന്ന പക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹൂതികള്‍ക്ക് കഴിഞ്ഞ ദിവസം യു.എസ്. ഭരണകൂടവും സഖ്യകക്ഷികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള വിവിധ കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ്.-യു.കെ. സൈന്യങ്ങള്‍ ആക്രമണം നടത്തിയത്.ചെങ്കടലില്‍, ഹൂതികള്‍ അന്താരാഷ്ട്ര കപ്പലുകള്‍ക്കു നേര്‍ക്ക് ഇതിന് മുന്‍പുണ്ടാകാത്ത തരത്തിലുള്ള ആക്രമണം നടത്തിയതിനെതിരായ നേരിട്ടുള്ള പ്രതികരണമാണ് ഇതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. തന്റെ നിര്‍ദേശാനുസരണം, യു.എസ്.-യു.കെ. സൈന്യങ്ങള്‍, ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, കാനഡ, നെതര്‍ലന്‍ഡ്‌സ് എന്നിവരുടെ സഹായത്തോടെ ഹൂതി കേന്ദ്രങ്ങള്‍ക്കു മേല്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ നടപടികള്‍ക്ക് മടിക്കില്ലെന്നും വൈറ്റ്ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
Source link