കോൺഗ്രസ് അയോധ്യയിലേക്കില്ല; ‘ഇന്ത്യ’ ഐക്യത്തിലേക്ക്

ന്യൂഡൽഹി ∙ അയോധ്യയിലേക്കില്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയതോടെ, രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ മുന്നണിക്കുള്ളിൽ ഐക്യം രൂപമെടുക്കുന്നു. പ്രതിഷ്ഠയുടെ മറവിൽ ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്നാണ് 28 കക്ഷികളുള്ള മുന്നണിയിലെ ഭൂരിപക്ഷ നിലപാട്. ഉദ്ധവ് താക്കറെ (ശിവസേന), ഹേമന്ത് സോറൻ (ജാർഖണ്ഡ് മുക്തി മോർച്ച), അരവിന്ദ് കേജ്‌രിവാൾ (ആം ആദ്മി പാർട്ടി), അഖിലേഷ് യാദവ് (എസ്പി) എന്നിവർക്കു ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെങ്കിലും അതിനു ബിജെപിയുടെ ക്ഷണം ആവശ്യമില്ലെന്നും വിശ്വാസത്തിന്റെ പേരിലാണു ക്ഷേത്രത്തിലേക്കു പോകുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷ്ഠാചടങ്ങ് ബഹിഷ്കരിക്കുന്ന കോൺഗ്രസ്, തൃണമൂൽ അടക്കമുള്ള കക്ഷികളുടെ നിലപാടിനെ ഇവർ തള്ളിപ്പറയുന്നുമില്ല.
പ്രതിഷ്ഠാചടങ്ങ് ബിജെപി രാഷ്ട്രീയായുധമാക്കുന്നത് ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നാണ് മുന്നണിയിലെ ധാരണ. ചടങ്ങിന്റെ പേരിൽ പരസ്പരം കുറ്റപ്പെടുത്തുന്ന പ്രസ്താവനകൾ പരമാവധി ഒഴിവാക്കാനാണു ശ്രമം. പ്രതിഷ്ഠാചടങ്ങിനു പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യതയും പ്രതിപക്ഷം മുന്നിൽക്കാണുന്നു. ചടങ്ങിന്റെ പേരിൽ പ്രതിപക്ഷത്തു വിള്ളലുണ്ടാക്കാനാണു ബിജെപിയുടെ ശ്രമമെന്നും അതിനെ അതിജീവിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും കോൺഗ്രസ് കരുതുന്നു. ഹിന്ദുത്വ അജൻഡയ്ക്കു പിന്നാലെ പോകേണ്ടെന്നും തൊഴിലില്ലായ്മ, വിലക്കയറ്റം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്നും വിലയിരുത്തിയാണ് പ്രതിഷ്ഠാചടങ്ങ് ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
English Summary:
Unity will take place in india alliance by decision taken by congress in ayodhya
Source link